ആലപ്പുഴ•കേരളാ സ്റ്റേറ്റ് കയർ കോർപറേഷനിൽ മന്ത്രിയുടെ അറിവോടുകൂടി നടക്കുന്ന അഴിമതിയിൽ ബി.ജെ.പി ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പ്രതിക്ഷേധം രേഖപ്പെടുത്തി. കയർ കോർപറേഷനിൽ നേതാക്കളും പാർട്ടിക്കാരും ഇഷ്ടമുള്ളവരെ തിരുകി കയറ്റി കോർപറേഷനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റി. പ്രൊഫഷണൽ യോഗ്യതയുള്ളവർ മാത്രം ഇരിക്കേണ്ട മാനേജർ – കോസ്റ്റിംഗ് & ട്രേഡിങ്ങ് എന്ന പോസ്റ്റിൽ കേവലം പത്താം ക്ലാസ് മാത്രം പാസ്സായ വ്യക്തിയെ നിയമിച്ചതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളും ദുരൂഹതയും ഉണ്ട്. കോർപറേഷനിലെ വിൽപ്പന വരുമാനം പോലും വെളിപ്പെടുത്തുവാൻ അധികൃതർ തയ്യാറാകാത്തതിനു പിന്നിൽ കോർപ്പറേഷനിലെ കണക്കുകൾ പോലും ശരിയല്ല എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
പൊതുജനത്തിന്റെ പണം ധൂർത്തടിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കും അധികാരികൾക്കും എതിരേ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ഇത്തരം സ്ഥാപനങ്ങളിലെ നിയമനവും കണക്കുകളും സുതാര്യമാക്കണമെന്നും സ്ഥാപനത്തിന്റെ ചെയർമാനായി ഗവണ്മെന്റ് തലത്തിലുള്ള ഐ.എ.എസ്സു കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എൽ.പി.ജയചന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി.മോഹനൻ, മറ്റു ഭാരവാഹികളായ കെ.പി.സുരേഷ് കുമാർ, വാസുദേവക്കുറുപ്പ് എന്നിവരും സംസാരിച്ചു.
Post Your Comments