KeralaLatest NewsNews

ചന്ദ്രഗിരിക്കോട്ട മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

കാസര്‍ഗോഡ്: ചന്ദ്രഗിരിക്കോട്ടയുടെ ശാസ്ത്രീയ സമഗ്ര സംരക്ഷണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കമിടുന്നതെന്ന് തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചന്ദ്രഗിരിക്കോട്ടയുടെ പൈതൃകത്തിന് ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മികച്ച വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റും.

കടലിന്റെയും പുഴയുടെയും ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പശ്ചാത്തല സൗകര്യമുള്ള ചന്ദ്രഗിരി ക്കോട്ടയ്ക്ക് മുന്തിയ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വടക്കന്‍ കേരളത്തിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കും.പുരാവസ്തു പ്രദര്‍ശനങ്ങള്‍ കാണുവാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്.പുരാവസ്തു വകുപ്പിന്റെ പക്കലുള്ള അമൂല്യ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും പൈതൃക മ്യുസിയം നിര്‍മ്മിക്കും.ജില്ലയിലും മ്യൂസിയത്തിന് അനുയോജ്യമായ സ്ഥലം നോക്കുന്നുണ്ട്. നീലേശ്വരം രാജകുടുംബത്തിന്റെ പഴയ കൊട്ടാരം സംരക്ഷണ സ്മാരകമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഉദിനൂര്‍ കൊട്ടാരത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.

സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനും പരിസരം നിരീക്ഷിക്കുവാനുമായി ഇരിപ്പിട സൗകര്യം, ഭിന്നശേഷി സൗഹൃദമുള്‍പ്പെടെയുള്ള ശുചി മുറികള്‍, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായി കുഴല്‍ക്കിണര്‍ എന്നിവയാണ് അടിസ്ഥാന വികസനത്തിന്റെ ഭാഗമായി ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചന്ദ്രഗിരി കോട്ടയുടെ സമഗ്ര സംരക്ഷണത്തിന്റെ ഭാഗമായി പൊളിഞ്ഞ കൊത്തളം പുനര്‍നിര്‍മ്മിക്കല്‍, കോട്ടയ്ക്കുള്ളിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍, കോട്ടയ്ക്കുള്ളിലെ കുളത്തിന്റെ സംരക്ഷണവും നവീകരണവും എന്നിവയും ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാം ഘട്ട വികസനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ളവയുമായി ആലോചിച്ച് പദ്ധതികള്‍ക്ക് രൂപം നല്‍കും. മാഹി പുഴ മുതല്‍ ചന്ദ്രഗിരി കോട്ട വരെയുള്ള നദീതട ടൂറിസം പദ്ധതി യഥാര്‍ഥ്യമാകുന്ന തോടുകൂടി ചന്ദ്രഗിരി ക്കോട്ടയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പൊവല്‍ കോട്ടയ്ക്കായി 53.50 ലക്ഷം രൂപയുടെയും ഹൊസ്ദുര്‍ഗ് കോട്ടയ്ക്കായി 36.50 ലക്ഷം രൂപയുടെയും ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഈ കോട്ടകളുടെയും സംരക്ഷണ വികസന പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കും.

കെ.കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ കെ.രജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക് പഞ്ചായത്ത് അംഗം താഹിറ താജൂദ്ദീന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗം സയ്ത്തൂന്‍ അഹമ്മദ്, പുരാരേഖാവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പി.ബിജു, മ്യൂസിയം – മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ.ഗംഗാധരന്‍, എം.അനന്തന്‍ നമ്പ്യാര്‍, ചന്ദ്രന്‍ കൊക്കാല്‍, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ഷാജി അബ്ദുള്ള ഹുസൈന്‍, തുളസീധരന്‍ ബളാനം, എം.സദാശിവന്‍, മൊയ്തീന്‍ കുഞ്ഞികളനാട് എന്നിവര്‍ പങ്കെടുത്തു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ സ്വാഗതവും പുരാവസ്തു വകുപ്പ് എഡ്യുക്കേഷന്‍ ഓഫീസര്‍ ടി.കെ കരുണാ ദാസ് നന്ദിയും പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button