കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത അഞ്ചിടത്ത് സ്ഥലം വിറ്റത് വിവാദമായതോടെ എല്ലാ വിഷയങ്ങളും വിവരിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. സഭയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പ്രസിദ്ധീകരിച്ചു. സ്ഥലം വില്‍പ്പനയില്‍ തെറ്റുപറ്റിയെന്ന് സഭ സമ്മതിക്കുന്നു. ബാങ്ക് പലിശ താങ്ങാനാവാതെ വന്നതോടെയാണ് കുറച്ച് സ്ഥലം വിറ്റ് കടം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് കൂടുതല്‍ കടത്തിലേക്ക് നയിച്ചതായി സര്‍ക്കുലറിലുണ്ട്.
അതിരൂപതയുടെ സമ്മതമില്ലാതെ മൂന്നാമതൊരാള്‍ക്ക് സ്ഥലം വില്‍ക്കാന്‍ പാടില്ലെന്ന് കരാറുണ്ടായിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് 36 പേര്‍ക്കായി സ്ഥലം മറിച്ചുവിറ്റു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ ഭാഗമായി മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം വാങ്ങിയതാണ് സഭയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. 60 കോടി രൂപയായിരുന്നു ബാങ്ക് വായ്പ. എന്നാല്‍ സ്ഥലം വിറ്റപ്പോള്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും 9.13 കോടി രൂപയെ കൈയില്‍ കിട്ടിയുള്ളൂ. 18.17 കോടി കിട്ടാനുണ്ട്.
ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ കേന്ദ്ര ഓഫീസ് (ഐകോ) പ്രസിഡന്റിന്റെയോ കാനോനിക സമിതികളുടെയോ അറിവില്ലാതെ ഐകോ വഴി 10 കോടി രൂപയുടെ വായ്പ ബാങ്കില്‍നിന്നെടുത്തു. പത്തുകോടി വായ്പയുള്‍പ്പെടെ 16.59 കോടി രൂപയ്ക്കാണ് കോതമംഗലത്ത് കോട്ടപ്പടിയില്‍ 25 ഏക്കറും ഇടുക്കി ദേവികുളത്ത് 17 ഏക്കറും അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ബന്ധപ്പെട്ട ആരുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്ന് സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ആകെ കടം 84 കോടി രൂപയാണ്.
Post Your Comments