കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ തലത്തിൽ നടപ്പിലാക്കുന്ന പദ്ധതികളിൽ ക്രൈസ്തവർ വിവേചനം അനുഭവിക്കുന്നുവെന്ന് സീറോ മലബാർ സഭാ സിനഡ് വിലയിരുത്തൽ. നിയമപരമായി തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ് ചിലവിടുന്ന തുകയുടെ 80% ഒരു ന്യൂനപക്ഷ വിഭാഗത്തിനു മാത്രമായി സംവരണം ചെയ്തിരിക്കുകയാണ്.ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി ലഭ്യമാക്കാനുള്ള ക്രമീകരണം സർക്കാർ സത്വരമായി നടപ്പിലാക്കണം.
പിഎസ് സി, യുപിഎസ് സി, ബാങ്ക്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്കായി സൗജന്യ കോച്ചിംഗ് സെന്ററുകൾ സർക്കാർ ചിലവിൽ ന്യൂനപക്ഷ വകുപ്പിന് കീഴിൽ നടത്തുന്ന കേരളത്തിലെ 45ൽ അധികം വരുന്ന കേന്ദ്രങ്ങൾ എല്ലാം തന്നെ ഒരു വിഭാഗത്തിനു മാത്രമായി നൽകിയിരിക്കുന്നു. ഇത് സാമൂഹ്യ നീതിക്ക് നിരക്കാത്തതാണ്. ജില്ലാതല ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റികളിൽ ഇപ്പോൾ കേരളത്തിൽ നിലവിലുള്ള 39 കമ്മിറ്റി അംഗങ്ങളിൽ മുപ്പതു പേരും ഒരേ സമുദായത്തിൽ നിന്നായത് നീതിപൂർവ്വമാണോ എന്ന് പരിശോധിക്കേണ്ടത് സർക്കാരാണെന്നും എന്നും സിനഡ് വിലയിരുത്തി.
ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നിയമിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ കണ്ടെത്തൽ പ്രകാരം സാമ്പത്തിക അവശത ഈ വിഭാഗത്തിന് മാത്രമാണെന്ന തെറ്റായ നിഗമനത്തിൽ നിന്നാണ് 80% സഹായം ഈ വിഭാഗത്തിനും 20% ന്യൂനപക്ഷങ്ങളിലെ മറ്റ് അഞ്ച് വിഭാഗങ്ങൾക്കുമെന്ന ഫോർമുല നിർണ്ണയിക്കപ്പെട്ടത്. ഈ നടപടി ജനാധിപത്യവിരുദ്ധവും മതേതരത്വ മൂല്യങ്ങൾക്ക് നിരക്കാത്തതുമാണെന്നും അതിനാൽ നീതി നടപ്പിലാക്കണമെന്നും സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments