പിണറായി സര്‍ക്കാറിനെതിരായുള്ള ദുഷ്പ്രചരണങ്ങളെ ആളിക്കത്തിക്കാനാണ് തലസ്ഥാനത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സുകാരനൊപ്പം മഞ്ജു വാര്യര്‍ ശ്രമിച്ചതെന്നും മുന്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറിയും സി.പി.എം മുണ്ടൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ ഗോകുല്‍ദാസ്. പൂന്തുറയില്‍ മഞ്ജു വാര്യര്‍ നടത്തിയ സന്ദര്‍ശനം നാടകമായിരുന്നുവെന്നും ഗോകുല്‍ദാസ് തുറന്നടിച്ചു. രണദിവെ ചാച്ചുവെന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം അദ്ദേഹം ഉന്നയിച്ചത്. വാട്സാപ്പിലൂടെയും ഈ പോസ്റ്റ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചിരിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രധാനഭാഗങ്ങള്‍
പൂന്തുറയില്‍ മഞ്ജുവാരിയര്‍ ഇന്നലെ നടത്തിയ സന്ദര്‍ശനം വെറും ഒരു കാപട്യം മാത്രമല്ലേ. പിണറായി സര്‍ക്കാരിനെതിരെയുള്ള ദുഷ്പ്രചാരണങ്ങളെ ആളി കത്തിക്കാന്‍ നടത്തിയ ഒരു റോഡ് ഷോ മാത്രമായിരുന്നു അത്. ഓഖി ദുരന്തം സംഭവിച്ച് ഒരു മാസത്തിലേറെയായി ഇന്നലെയാണ് മഞ്ജുവാരിയര്‍ എന്ന വ്യക്തി പുറത്തു വന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയോ അല്ലാതെയോ വിഷമം രേഖപ്പെടുത്താത്ത ഒരു വ്യ്കതിയുടെ പുതിയ പബ്ലിസിറ്റി സ്റ്റണ്ട്. പത്രക്കാരേയും കൂടെക്കൂട്ടി കല്യാണ വീടുകള്‍ സന്ദര്‍ശിക്കുന്ന ലാഘവത്തോടെയാണ് അവരേയും സംഘത്തേയും ചിത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.
ദുരന്ത പ്രദേശത്തെ അനേകം വീടുകളില്‍ എന്തേ ആറ് വീടുകള്‍ മാത്രം സന്ദര്‍ശിച്ചു? എല്ലാവരും തുല്യ നഷ്ടം സംഭവിച്ചവരല്ലേ, ബാക്കി കുടുംബങ്ങള്‍ ഈ ആശ്വാസം അര്‍ഹിക്കുന്നില്ലേ? സന്ദര്‍ശനത്തിന് ശേഷം ദുരന്ത സ്ഥലത്തു നിന്ന് നേരെ സ്റ്റാര്‍ ഹോട്ടലില്‍ പോയി കൂട്ടുകാരും ഫാന്‍സുമൊത്തു ഭക്ഷണം കഴിച്ച ചിത്രങ്ങളും പുറത്തു വന്നത് കണ്ടു. ആ പൈസ മതിയായിരുന്നല്ലോ പ്രതീക്ഷയറ്റ ആ പാവങ്ങള്‍ക്ക് ഒരു ദിവസത്തെ അന്നം വിളമ്ബാന്‍. സ്വയം ഒരു സാംസ്കാരിക നേതാവ് ചമയാന്‍ നടത്തുന്ന കപട വേഷങ്ങളല്ലേ ഇതെല്ലാം.
ഈ ദുരന്തത്തെപ്പറ്റി ഇത്രയേറെ വ്യാകുലപ്പെടുന്ന വ്യക്തി എന്ത് കൊണ്ട് ജിഷാ വധക്കേസില്‍ മികച്ച തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരിനെ അഭിനന്ദിക്കാനോ, സഹപ്രവര്‍ത്തകയായ പാര്‍വതിക്ക് നേരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അസഭ്യവര്ഷങ്ങളെയും കുറിച്ച് പ്രതികരിച്ചില്ല.
തന്റെ സാംസ്കാരിക സാമൂഹിക മുഖം മൂടിയാണ് ഇതോടെ കേരളം ജനതയ്ക്ക് മുന്‍പില്‍ അഴിഞ്ഞു വീഴുന്നത് എന്ന് മഞ്ജുവാരിയര്‍ മനസ്സിലാക്കും എന്ന് കരുതുന്നു. ഈ കപട പ്രവണത മേലിലും തുടര്‍ന്നാല്‍, മഞ്ജു വാര്യര്‍ എന്ന വ്യക്തിയോടും അഭിനേതാവിനോടുമുള്ള സകല ബഹുമാനത്തോട് കൂടി തന്നെ പറയട്ടെ, കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതിഷേധത്തിന്റെ അലയടി നേരിടേണ്ടി വരും എന്ന്.
സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനയില്‍ മഞ്ജു വാര്യരും കണ്ണിയാവുകയാണെന്നും സന്ദര്‍ശനത്തിന്റെ പ്രധാന സംഘാടകന്‍ തലസ്ഥാനത്തെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനാണെന്നും ഗോകുല്‍ദാസ് തുറന്നടിച്ചു.
Post Your Comments