Latest NewsKeralaNews

നാടിന്റെ സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമം- കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം•കള്ള പ്രചാരണവും അക്രമവും ഒരേ സമയം നടത്തുന്ന ബി.ജെ.പി നാടിനെയാകെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലും തിരുവനന്തപുരത്തും നിരപരാധികളെ വെട്ടിക്കൊലപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് ഇവര്‍ നടത്തിയത്. സിപിഐഎം അതിക്രമം നടത്തുന്നുവെന്ന കള്ള പരാതിയുമായി ഗവര്‍ണറെ കാണുകയും, ഗവര്‍ണറെ മാറ്റുമെന്ന വ്യാപക പ്രചാരണം ഭീഷണിയെന്ന രീതിയില്‍ അഴിച്ചുവിടുകയും ചെയ്യുന്ന കുമ്മനം രാജശേഖരന്റെ പാര്‍ട്ടിയായ ബിജെപി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങള്‍ കേരളം കണ്ടതാണ്. ഫാസിസ്റ്റ് ഹിറ്റലറുടെ കൊലപാതക പരമ്പരകള്‍ക്ക് മറയിടാന്‍ കുപ്രചാരണവേല നടത്തിയ ഗീബല്‍സിന്റെ മാതൃകയില്‍ പൊതുസമൂഹത്തിന്റെ കണ്ണുകള്‍ കെട്ടാമെന്ന് ബിജെപി നേതാക്കള്‍ വിചാരിക്കരുത്.

ആക്രമിക്കുന്നേ എന്ന കള്ളക്കരച്ചിലുമായി പകലിറങ്ങുകയും ഇരുട്ടിന്റെ മറവില്‍ മാരകായുധങ്ങളുമായി പ്രത്യേക പരിശീലനം ലഭിച്ച കൊലയാളി സംഘത്തെ അയയ്ക്കുകയും ചെയ്യുന്നത് ബിജെപി നേതൃത്വം അവസാനിപ്പിക്കണം. സിപിഐഎം വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയംഗമായ എസ്.എല്‍ സാജുവിനെ കൊലപ്പെടുത്താനാണ് ഇന്നലെ ശ്രമം നടന്നത്. അതീവ ഗുരുതരമായ പരിക്കുകളാണ് സാജുവിന്റെ തലയ്ക്കും ശരീരത്തും ഏല്‍പ്പിച്ചിരിക്കുന്നത്. സൗമ്യമായി മാത്രം ആരോടും പെരുമാറുന്ന സഖാവ് സാജുവിന് നേരെയുണ്ടായ ആക്രമണം ആ പ്രദേശത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഒരു പ്രകോപനവുമില്ലാതെ, ഏകപക്ഷീയ ആക്രമണം നടത്തി നാടിന്റെ സമാധാനത്തിന് ഭംഗം വരുത്താനാണ് ശ്രമം. ഇത് അവസാനിപ്പിക്കണം. കണ്ണൂരിലും തിരുവനന്തപുരത്തുമെല്ലാം സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചും പ്രകോപിപ്പിച്ചും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ഗൂഢമായ പരിശ്രമമാണ് നടന്നതെന്ന് വ്യക്തമാണ്. സംയമനം ദൗര്‍ബല്യമല്ല എന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണമെന്നും കടകംപള്ളി പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button