ദില്ലി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ. മുന്‍ ഇന്ത്യന്‍ സൈനികനായ കുല്‍ഭൂഷണെ വിട്ടുതരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പാക്കിസ്ഥാന്‍ ആ ആവശ്യം പൂര്‍ണമായും തള്ളിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ അപ്പീലിനെ തുടര്‍ന്ന് അന്താരാഷ്ട്ര കോടതി ശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്തു.
ഏറെനാളത്തെ ചര്‍ച്ചക്കൊടുവില്‍ കഴിഞ്ഞദിവസം കുല്‍ഭൂഷന്റെ ഭാര്യയെയും അമ്മയെയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ പാക്കിസ്ഥാന്‍ തയ്യാറായിരുന്നു. എന്നാല്‍ കുല്‍ഭൂഷണുമായി മാതൃഭാഷയില്‍ സംസാരിക്കാന്‍ അമ്മയെയും ഭാര്യയെയും അധികൃതര്‍ അനുവദിച്ചില്ല. മാത്രമല്ല, താലിമാല അഴിപ്പിച്ച പാക് അധികൃതര്‍ സിന്ദൂരം മായ്ച്ചുകളഞ്ഞതായും പരാതി ഉയര്‍ന്നിരുന്നു.
അതേസമയം, കുല്‍ഭൂഷണെ ഉടന്‍ വധിക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വധശിക്ഷ നടപ്പാക്കിയാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യ തന്ത്രങ്ങള്‍ തയ്യാറാക്കിക്കഴിഞ്ഞു. പാക്കിസ്ഥാന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെയാകും ഇന്ത്യ ലക്ഷ്യമിടുക. ഇതേക്കുറിച്ച് പാക്കിസ്ഥാനും അറിവ് ലഭിച്ചതോടെയാണ് വധശിക്ഷയുടെ കാര്യത്തില്‍ വേഗം കൂട്ടാത്തതെന്നാണ് സൂചന.
Post Your Comments