ഹരിപ്പാട്: നാടിനെ നടുക്കിയ ഹരിപ്പാട് ജലജ വധക്കേസില്‍ പ്രതി അറസ്റ്റിലായെങ്കിലും ദുരൂഹത വിട്ടൊഴിയുന്നില്ല. പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഈ മൃഗീയമായ കൊലപാതകമെന്നു വിശ്വസിക്കാന്‍ സമീപവാസികളും നാട്ടുകാരും തയാറാവുന്നില്ല. ഫോട്ടോഗ്രാഫറായിരുന്ന പ്രതി സജിത്തിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായോ സ്വഭാവദൂഷ്യമുള്ളതായോ ആര്‍ക്കും സൂചന പോലുമില്ലായിരുന്നു.
ഇരുമ്പുവടി കൊണ്ടുള്ള നിരവധി അടികളാണ് ജലജയുടെ തലയ്‌ക്കേറ്റിരുന്നത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഏതോ ലായനി ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കി മുളക് പൊടി വിതറിയിരുന്നു. ഇതെല്ലാം ആസൂത്രിത കൊലപാതകമെണന്ന സംശയമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
സജിത്ത് രണ്ട് വര്‍ഷത്തോളം പള്ളിപ്പാട് ജങ്ഷനില്‍ വീഡിയോ എഡിറ്റിങ് സ്ഥാപനം നടത്തിയിരുന്നു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായും ജോലി ചെയ്തിരുന്നു. ഇയാള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നും പറയപ്പെടുന്നു. സമീപകാലത്താണ് തൊഴില്‍ തേടി ഖത്തറിലേക്ക് പോയത്. കൊലയ്ക്ക് ശേഷം സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നുവെങ്കിലും ജലജയുടെ കമ്മല്‍ കളവ് പോയിരുന്നില്ല. ഇവരുടെ വീട്ടിലെ നായ കുരച്ച് ശബ്ദമുണ്ടാക്കാതിരുന്നതും മോഷണശ്രമമല്ല കൊലപാതക കാരണമെന്നും ജലജയ്ക്കു പരിചിതനായ വീട്ടില്‍ വരാറുള്ള ആരെങ്കിലുമായിരിക്കും കൃത്യം നടത്തിയതെന്നുമുള്ള നിഗമനത്തില്‍ പോലീസിനെ എത്തിച്ചു. തുടര്‍ന്ന് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
അന്വേഷണവുമായി ബന്ധപ്പെട്ട് സമീപവാസികളേയും സംശയിക്കപ്പെട്ടവരേയും നിരവധി തവണ ചോദ്യം ചെയ്യുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു. മാനസികവും ശാരീരികവുമായ പീഢനങ്ങള്‍ അനുഭവിച്ച നിരവധി പേരാണ് പ്രദേശത്തുള്ളത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ശക്തമായതോടെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇതിനിടയില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായതായും കൊലപാതകത്തിന് പിന്നില്‍ സാമുദായിക സാമ്പത്തിക പ്രബലരാണെന്നുമുള്ള ആക്ഷേപവും ഉയര്‍ന്നു. തുടര്‍ന്ന് അന്വേഷണം സി.ബി.ഐ.യ്ക്ക് വിടുന്നതായി പ്രഖ്യാപനമുണ്ടായെങ്കിലും അപ്പോഴേക്കും തെരഞ്ഞെടുപ്പും തുടര്‍ന്ന് ഭരണമാറ്റവും ഉണ്ടായി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സുരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇതേ തുടര്‍ന്ന് എസ്.പി.കെ.എസ്.സുദര്‍ശനന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണ ചുമതല കൈമാറുകയും സജിത്തിനെ പിടികൂടുകയുമായിരുന്നു.
Post Your Comments