ഉത്തരാഖണ്ഡ് : മാംസം അഴുകി പോകാതെ ദിനോസറിന്റെ മൃതശരീരം കണ്ടെത്തി. ജസ്പുരിലുള്ള ഒരു പഴയ വൈദ്യുതി സബ്‌സ്റ്റേഷഷനിലെ കാടുപിടിച്ച സ്ഥലത്തു നിന്നാണ് ദിനോസറിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. 35 വര്‍ഷമായി പൂട്ടിയിട്ടിരിക്കുകയായിരുന്നു അവിടം. കാടുപിടിച്ചു കിടക്കുന്ന പ്രദേശം വെട്ടിവെളുപ്പിച്ച് പോകുന്നതിനിടെയായിരുന്നു ആ കാഴ്ച. ഒരു കുഞ്ഞന്‍ ‘ദിനോസറിന്റെ’ മൃതശരീരം. ചത്തു പോയെങ്കിലും മാംസമൊക്കെ അഴുകി ഉണങ്ങിയൊട്ടിയ നിലയിലായിരുന്നു. എല്ലുകള്‍ പോലും ദ്രവിച്ചിട്ടില്ല. എങ്കിലും കാഴ്ചയില്‍ ദിനോസറിന്റെ ശരീരവുമായി അസാധാരണമായ സാമ്യം. കണ്ടെത്തിയ വ്യക്തി ഉടന്‍ തന്നെ അത് ചില ഗവേഷകരെ കാണിച്ചു. അവര്‍ക്കും യാതൊരു പിടിയുമില്ല ഇതെന്താണു സംഗതിയെന്ന്. ഒടുവില്‍ വിദഗ്ധ പരിശോധനയ്ക്കായി ഖുമയൂണ്‍ സര്‍വകലാശാലയിലേക്ക് അയച്ചിരിക്കുകയാണ് ‘ദിനോസര്‍ സാംപിള്‍’.
പറക്കാന്‍ സാധിക്കാത്ത ദിനോസറുകള്‍ക്ക് ആറരക്കോടി വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ചതാണ്. അതിനാല്‍ത്തന്നെ അവയെ ഇപ്പോള്‍ കണ്ടെത്താന്‍ യാതൊരു സാധ്യതയുമില്ല. മാത്രവുമല്ല, ലഭിച്ച മൃതശരീരത്തിന് കാര്യമായ യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. പിന്നെയുള്ള സാധ്യത ഏതെങ്കിലും മ്യൂസിയത്തില്‍ സൂക്ഷിച്ച സാംപിളായിരിക്കാമെന്നതാണ്. അതുപക്ഷേ ഒഴിഞ്ഞു കിടന്ന ആ കെട്ടിടത്തില്‍ എങ്ങനെയെത്താനാണ്? അഭ്യൂഹങ്ങള്‍ ഏറെയാണ്. ഏകദേശം 28 സെന്റീമീറ്ററായിരുന്നു ‘ദിനോസറിന്റെ’ നീളം. രൂപം പരിശോധിച്ച പാലിയന്റോളജിസ്റ്റുകള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇപ്രകാരമാണ്: ആറരക്കോടി വര്‍ഷം മുന്‍പ് വംശനാശം സംഭവിച്ച തെറോപോഡ് വിഭാഗത്തിലെ ദിനോസറുകളുമായാണ് പുതുതായി കണ്ടെത്തിയ ‘ദിനോസറിന്റെ’ മൃതദേഹത്തിനു സാമ്യം.
രണ്ടു കാലുകളില്‍ നടക്കുന്ന മാംസഭുക്കുകളായിരുന്നു തെറോപോഡുകള്‍. മുന്നിലെ ചെറിയ രണ്ടു കാലുകള്‍ കൈകള്‍ക്കു പകരമായി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. തെറോപേഡ് വിഭാഗത്തില്‍പ്പെട്ട ഡെയ്‌നോനിക്കസ്, കോളോഫിസിസ്, ഡ്രോമാസോറസ് തുടങ്ങിയ ദിനോസറുകളുമായി അസാധാരണ സാമ്യമാണ് ഗവേഷകരെ കുഴക്കുന്നത്. ഇവയ്ക്കാകട്ടെ വലുപ്പവും കുറവാണ്. ദിനോസറുകള്‍ക്കിടയിലെ ഭീമനും അതിക്രൂരനുമായ മാംസഭോജി ടി റെക്‌സിന്റെയും ആന്‍കിയോര്‍ണിസ് എന്നറിയപ്പെടുന്ന കുഞ്ഞന്‍ ദിനോസറുകളുടെയും ഇടയിലാണ് തെറോപോഡുകളുടെ ശരാശരി ഉയരം.
ഇക്കാരണങ്ങളാല്‍ത്തന്നെ തങ്ങള്‍ക്കു ലഭിച്ച മൃതദേഹത്തില്‍ കാര്‍ബണ്‍ ഡേറ്റിങ് ഉള്‍പ്പെടെ നടത്തി പരിശോധിക്കാനാണു തീരുമാനം. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഖുമയൂണ്‍ സര്‍വകലാശാലയില്‍ ഇതിനുള്ള സൗകര്യമുണ്ട്. അവിടത്തെ പാലിയന്റോളജി പ്രഫസര്‍ ഡോ.ബഹാദുര്‍ കോട്ടിലയാണ് ‘ദിനോസര്‍ സാംപിളിന്റെ’ പഠനത്തിനു നേതൃത്വം നല്‍കുന്നത്. അതേസമയം ഇതുസംബന്ധിച്ച മറ്റു സാധ്യതകളും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. ജനിതകവൈകല്യം സംഭവിച്ച ഏതെങ്കിലും മൃഗത്തിന്റെ ഭ്രൂണം ഉപേക്ഷിച്ചതായിരിക്കും ഇതെന്ന നിഗമനവും അവര്‍ മുന്നോട്ടുവയ്ക്കുന്നു. എന്തായാലും രാജ്യാന്തര മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ദിനോസര്‍ കണ്ടെത്തലിനെ വാര്‍ത്തയാക്കിയിട്ടുണ്ട്. 15 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ അടുത്തിടെ ഗുജറാത്തിലെ കച്ചില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് മറൈന്‍ റെപ്‌റ്റൈലുകളില്‍പ്പെട്ട ഒരു ദിനോസറിന്റെ ഫോസില്‍ ഇതാദ്യമായിട്ടായിരുന്നു ലഭിച്ചത്.
Post Your Comments