സൗദി : സൗദിയില്‍ എത്തുന്ന ഹജ്ജ് ഉംറ തീര്‍ഥാടകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്ന മൂല്യ വര്‍ധിത നികുതി തിരിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇത് ബാധകമല്ലെന്നും സക്കാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി.
ഗള്‍ഫ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും സൗദിയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ മൂല്യ വര്‍ധിത നികുതി നല്കിയിട്ടുണ്ടെങ്കില് അത് തിരിച്ചു നല്‍കുമെന്ന് സക്കാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വാറ്റ് ബാധകമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും വാറ്റ് ഈടാക്കും. എന്നാല്‍ വിദേശ തീര്‍ഥാടകരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും ഈടാക്കിയ വാറ്റ് എങ്ങിനെ തിരിച്ചു നല്‍കുമെന്നതിനെ കുറിച്ച് ബന്ധപ്പെട്ടവര്‍ പഠിച്ചു വരികയാണെന്ന് അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട് ഇഖ്തിസാദിയ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും വാറ്റ് തിരിച്ചു നല്‍കാനുള്ള ഓഫീസുകള്‍ തുറക്കാനാണ് നീക്കം. വാറ്റ് നല്‍കിയതിന്റെ രേഖകള്‍ ഇവിടെ സമര്‍പ്പിച്ചാല്‍ ഈടാക്കിയ തുക സന്ദര്‍ശകര്‍ക്ക് തിരിച്ചു നല്കാന് സംവിധാനം ഉണ്ടാകും. എന്നാല്‍ ഏതൊക്കെ സേവനങ്ങളും ഉല്‍പ്പനങ്ങളും ഈ ഗണത്തില്‍ പെടും എന്നതിനെ കുറിച്ച് വിശദമായ വിവരം പുറത്ത് വന്നിട്ടില്ല. 83,000 സ്ഥാപനങ്ങള്‍ ഇതുവരെ വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തതായി സക്കാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റി മേധാവി ഹമൂദ് അല്‍ ഹര്‍ബി അറിയിച്ചു.
Post Your Comments