ചേലക്കര:കാട്ടുപന്നിയെ ഷോക്കേല്‍പ്പിച്ചുകൊന്ന് പാകംചെയ്ത കേസില്‍ ഉദ്യോഗസ്ഥന്‍ തെളിവായി നല്‍കിയത് മറ്റൊരു പന്നിയുടെ മാംസം. കള്ളത്തെളിവുണ്ടാക്കിയതിന് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ വനംവകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി.
മച്ചാട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.വിജയരാഘവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സിജു എന്നിവര്‍ക്കെതിരേ ഫ്ലൈയിങ് സ്‌ക്വാഡാണ് ഉന്നതാധികാരികള്‍ക്ക് മഹസര്‍ സമര്‍പ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുലാക്കോട് പന്നിയെ ഷോക്കേല്‍പ്പിച്ച് കൊന്നുതിന്ന കേസില്‍ ആറുപേരെ ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇവരുടെ വീടുകളില്‍നിന്നും പന്നിയുടെ മാംസം കണ്ടെത്താനായിരുന്നില്ല. ഈ കേസില്‍ പ്രതികള്‍ക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയെന്നാണ് ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ കണ്ടെത്തല്‍. എളനാട് ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് കുഴിച്ചിട്ടിരുന്ന കാട്ടുപന്നിയുടെ ജഡമാണ് തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നത്. മാംസത്തിന് കാലപ്പഴക്കം ഉണ്ടെന്ന് പ്രാഥമികപരിശോധനയില്‍തന്നെ കണ്ടെത്തിയതായി ഫ്‌ളൈയിങ് സ്‌ക്വാഡ് പറയുന്നു. ഇതേത്തുടര്‍ന്ന് വിദഗ്ധപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇവിടത്തെ പല ഉദ്യോഗസ്ഥരില്‍നിന്നുമുള്ള മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റമാണ് ഇവര്‍ക്കെതിരേ ഫ്‌ളൈയിങ് സ്‌ക്വാഡ് ചുമത്തിയിട്ടുള്ളത്. ഇത്തരം കേസുകളില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും ഇവര്‍ക്കെതിരേ വനംവകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും വനംവകുപ്പ് വിജിലന്‍സ് ഡി.എഫ്.ഒ. അറിയിച്ചു.
Post Your Comments