മിയാമി: ദിവസേന മകന്റെ രൂപത്തില്‍ വരുന്ന മാറ്റങ്ങള്‍ ഈ മാതാപിതാക്കള്‍ക്ക് വേദന പകരുന്ന കാഴ്ചയാണ്. കാണുന്നവര്‍ക്ക് ഭീകരജീവികളെപ്പോലെ തോന്നിക്കുന്ന അവന്റെ മുഖത്തെ മാറ്റങ്ങളില്‍ നിസഹായാരായി നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 14കാരനായ മകന്റെ തലയിലുള്ള ഒരു മുഴയാണ് ഇവരെ സങ്കടത്തിലാക്കുന്നത്. മകന്റെ ദയനീയ അവസ്ഥയില്‍ മനം നൊന്ത് അവര്‍ സമീപിക്കാത്ത ആശുപത്രികളോ ഡോക്ടര്‍മാരോ ഇല്ല. ഒടുവില്‍ അവരുടെ പ്രാര്‍ത്ഥനയ്ക്ക് പരിഹാരമായി എത്തിയിരിക്കുകയാണ് മിയാമിയിലെ പ്രശസ്തനായ ഒരു ഡോക്ടര്‍. എന്നാല്‍ അപകടസാധ്യത ഏറെയുള്ള ഒരു ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയുടെ തലയിലെ മുഴ നീക്കം ചെയ്യാനാകൂ.
ക്യൂബയില്‍ ജീവിക്കുന്ന ഇമ്മാനുവല്‍ സയാസിന് പോളിയോസ്റ്റോട്ടിക് ഫൈബ്രസ് ഡിസ്പ്ലാസിയ എന്ന ഗുരുതര രോഗമാണ്. അസ്ഥിയുടെ ചില ഭാഗങ്ങള്‍ തന്തൂ കോശപാളികള്‍ കൊണ്ട് മൂടുന്നതാണ് ഈ രോഗമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിലെ കൈകളിലും കാലുകളിലും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മാരകരോഗമാണെന്ന് തിരിച്ചറിയുന്നത് 11ആം വയസിലാണ്. മൂക്കിനു മുകളില്‍ ചെറിയ കുരുവായായിരുന്നു തുടക്കം. എന്നാല്‍ കുരു ക്രമാതീതമായി വളര്‍ന്ന് 4.5 കിലോയോളം വലിപ്പമുള്ള വലിയ മുഴയായി മാറുകയായിരുന്നു.
മൂന്ന് വര്‍ഷം കൊണ്ട് കുരു വലുതായി വലിയ മുഴയായി ഇമ്മാനുവലിന്റെ മുഖം തന്നെ മൂടി. മൂക്കിന്റെ രൂപവും മാറി. ഇപ്പോള്‍ കുട്ടിക്ക് വായിലൂടെ മാത്രമേ ശ്വസിക്കാന്‍ കഴിയൂ. കണ്ണിനെ ബാധിച്ചില്ലെങ്കിലും കാഴ്ചയ്ക്കും ഈ മുഴ തടസമായിരിക്കുകയാണ്യ മുഴ നീക്കം ചെയ്തില്ലെങ്കില്‍ ശ്വസിക്കാന്‍ പ്രയാസം അനുഭവപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 1.28 കോടി രൂപയുടെ ശസ്ത്രക്രിയയാണ് ഇമ്മാനുവലിന്റെ മുഴ നീക്കം ചെയ്യാന്‍ നടത്തുന്നത്.
വലിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ മിയാമിയിലെ പ്രശസ്തനായ ഡോക്ടര്‍ ശസ്ത്രക്രിയ നടത്താന്‍ തയ്യാറായി വന്നിരിക്കുകയാണ്. മുഴ നീക്കം ചെയ്യുക മാത്രമല്ല മൂക്കിനെ പൂര്‍വ്വസ്ഥിതിയിലാക്കുക എന്ന ദൗത്യം കൂടി ഡോക്ടര്‍മാരുടെ മുന്നിലുണ്ട്. എങ്കിലേ ഇമ്മാനുവലിന് ശ്വസിക്കാനാവൂ. പഴയ രൂപ തിരിച്ചുകിട്ടാന്‍ താടിക്കും കവിളിനുമെല്ലാം പ്ലാസ്റ്റിക് സര്‍ജറിയും നടത്തേണ്ടി വരും.
Post Your Comments