Latest NewsKeralaNews

ഗൗരിയമ്മ മഹാതന്റേടി, ഈശനെയും ബ്രഹ്മനെയും വകവെക്കില്ല, പിന്നെയാണ് ഇഎംഎസ്….

 

കൊച്ചി: ഗൗരിയമ്മ മഹാതന്റേടിയെന്നും ഈശനെയും ബ്രഹ്മനെയും വകവെക്കില്ല, പിന്നെയാണ് ഇഎംഎസ് എന്നുമുള്ള ഫേസ് ബുക്ക് പോസ്റ്റുമായി അഡ്വ. ജയശങ്കര്‍ രംഗത്ത്. തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇ.എം.എസിന്റെ ജാതി സ്പര്‍ധ കൊണ്ടാണെന്ന കെ.ആര്‍ ഗൗരിയമ്മയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അഡ്വ. ജയശങ്കര്‍. ഗൗരിയമ്മ മഹാതന്റേടി ആയിരുന്നെങ്കിലും കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല, നയം, വിനയം, അഭിനയം ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ എന്നും ജയശങ്കര്‍ പോസ്റ്റില്‍ കുറിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

1987ല്‍ തന്നെ മുഖ്യമന്ത്രിയാക്കാഞ്ഞത് ഇഎംഎസിന്റെ ജാതി സ്പര്‍ധ കൊണ്ടാണെന്ന ആരോപണം സഖാവ് കെആര്‍ ഗൗരിയമ്മ ആവര്‍ത്തിക്കുന്നു. ഭരണമികവൊന്നുമില്ലെങ്കിലും മേല്‍ജാതിക്കാരനായതു കൊണ്ടാണ് നായനാര്‍ മുഖ്യമന്ത്രിയായത് എന്ന് കൂട്ടിച്ചേര്‍ക്കുന്നു.

1987ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയോ മുന്നണിയോ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നില്ല. ബദല്‍ രേഖയുമായി ബന്ധപ്പെട്ട് നായനാര്‍ അനഭിമതനായിരുന്നു. അതുകൊണ്ട് മുഖ്യമന്ത്രി ഗൗരിയമ്മ ആയിരിക്കും എന്നൊരു ധാരണ ഉണ്ടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരി ഭരിക്കട്ടേ എന്ന മുദ്രാവാക്യവും മുഴങ്ങി. പക്ഷേ, ഭൂരിപക്ഷം കിട്ടിയപ്പോള്‍ ഗൗരിയമ്മ തഴയപ്പെട്ടു. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. അത്രയും സത്യം.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്തു തന്നെ കുടുമ മുറിക്കുകയും പൂണൂല്‍ കത്തിച്ചു ചാരം ചെറുമുക്ക് വൈദികന് അയച്ചു കൊടുക്കുകയും ചെയ്തയാളാണ് ഇഎംഎസ്. കമ്മ്യൂണിസ്റ്റായ ശേഷം വര്‍ഗ നിരാസം സാധിച്ചു. കഥകളി കാണുകയോ ഭാഗവതം വായിക്കുകയോ ചെയ്തില്ല. ഒളിവില്‍ കഴിയുമ്പോള്‍ കീഴാളരുടെ കുടിലില്‍ താമസിച്ചു, മൂരിയിറച്ചിയും തിന്നിരുന്നു.

1980ല്‍ ടികെ രാമകൃഷ്ണനെ മുഖ്യമന്ത്രിയാക്കാനാണ് ഇഎംഎസ് ഉദ്ദേശിച്ചതെന്നും, താനാണ് നായനാരുടെ പേര് നിര്‍ദേശിച്ചതെന്നും കുഞ്ഞിക്കണ്ണനും പുത്തലത്ത് നാരായണനും എന്‍.ശ്രീധരനുമാണ് പിന്തുണച്ചതെന്നും നമ്പൂതിരിപ്പാടിന്റെ ബദ്ധവൈരിയായ എംവി രാഘവന്‍ അവകാശപ്പെടുന്നു. (ആത്മകഥ പേജ് 266-267).

അച്യുതാനന്ദന്‍ മാരാരിക്കുളത്തു തോറ്റ 1996ല്‍ ഇഎംഎസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുശീലാ ഗോപാലനെയാണ് പിന്തുണച്ചത്. എന്നു മാത്രമല്ല, 1987ല്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും പോളിറ്റ് ബ്യൂറോ അംഗം ബാലാനന്ദനും ഗൗരിയമ്മയെയല്ല നായനാരെയാണ് പിന്‍താങ്ങിയത്.

രാമകൃഷ്ണനും അച്യുതാനന്ദനും ബാലാനന്ദനും സുശീലയും ഗൗരിയമ്മയും ഒരേ ജാതിക്കാരാണ്. അപ്പോള്‍, ജാതി ആയിരുന്നില്ല പ്രശ്‌നം. രാമകൃഷ്ണനും സുശീലയും വിനീതരായിരുന്നു, നായനാര്‍ നയകോവിദനും. ഗൗരിയമ്മ മഹാ തന്റേടി. ഈശനെയും ബ്രഹ്മനെയും വകവെക്കില്ല. പിന്നെയാണ്, ഇഎംഎസ്. കഴിവും കാര്യപ്രാപ്തിയും ഉണ്ടായതു കൊണ്ട് കാര്യമില്ല. നയം, വിനയം, അഭിനയം ഇതു മൂന്നുമാണ് വിജയത്തിന്റെ അടിത്തറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button