റിയാദ്: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് സൗദി അറേബ്യയും ആണവ രംഗത്തേയ്ക്ക് കടക്കുന്നു. സൗദിയും ഇറാനും തമ്മിലുള്ള ശീതയുദ്ധം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സൗദി ആണവ രംഗത്തേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നത്.
സൗദി അറേബ്യയും ആണവ പദ്ധതിക്ക് ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയുടെ മുന്‍ രഹസ്യാന്വേഷണ മേധാവിയാണ് ഇതുസംബന്ധിച്ച് വിശദീകരിച്ചത്. ആണവ പദ്ധതി തങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി സൗദിക്കെതിരേ വന്‍ ശക്തിരാജ്യങ്ങള്‍ ആഗോള തലത്തില്‍ ഉപരോധം പ്രഖ്യാപിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് സൗദിയുടെ ആണവ പദ്ധതി പ്രഖ്യാപനം. ആണവോര്‍ജത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സൗദി അറേബ്യ പറയുന്നു. യുറേനിയം ഉപയോഗിച്ചാണ് ആണവായുധം ഉണ്ടാക്കുക.
സൗദി അറേബ്യയ്ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് അമേരിക്ക കൂടെയുണ്ട്.
സൗദിയുടെ മുന്‍ രഹസ്യാന്വേഷണ മേധാവിയായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരനാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യമാക്കിയത്.
ഇറാന്‍ സമാനമായ ശ്രമം തുടങ്ങിയപ്പോഴായിരുന്നു വിവാദമുണ്ടായത്. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ 2015ല്‍ വന്‍ശക്തി രാജ്യങ്ങളുമായി കരാറുണ്ടാക്കി. ആണവായുധം നിര്‍മിക്കാനുള്ള നീക്കം ഒഴിവാക്കിയാല്‍ സൈനികേതര ആണവ പദ്ധതിക്ക് അനുമതി നല്‍കാമെന്ന് വന്‍ശക്തി രാജ്യങ്ങള്‍ ഉപാധി മുന്നോട്ട് വച്ചു. തുടര്‍ന്നാണ് ആണവ കരാര്‍ പ്രാബല്യത്തില്‍ വന്നത്.
രണ്ട് ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നുണ്ട്. ഇതിന് വേണ്ടി അമേരിക്കന്‍ കമ്പനികളുടെ സഹായം തേടുമെന്നാണ് വിവരം. ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സമാധാനപരമായ ആവശ്യങ്ങളാണ് തങ്ങള്‍ക്കുള്ളതെന്ന് സൗദി വിശദീകരിച്ചു. ഊര്‍ജാവശ്യങ്ങളാണ് ലക്ഷ്യം.
വിഭാഗീയത ഗള്‍ഫ് മേഖലയെ സംഘര്‍ഷഭൂമിയാക്കി മാറ്റിയിട്ടുണ്ട്. ഇറാന്റെ നേതൃത്വത്തില്‍ ഷിയാക്കളും സൗദിയുട നേതൃത്വത്തില്‍ മറ്റു അറബ് രാജ്യങ്ങളും സംഘടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇറാഖ്, സിറിയ, ലബ്‌നാന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളിലെല്ലാം സൗദിയും ഇറാനും രണ്ട് പക്ഷമാണ് പിടിച്ചിട്ടുള്ളത്.
ഈ സാഹചര്യം നിലനില്‍ക്കവെയാണ് കഴിഞ്ഞ ചൊവ്വാഴ്ച റിയാദിലേക്ക് മിസൈല്‍ ആക്രമണമുണ്ടായത്. യമനിലെ ഹൂഥികളാണ് ആക്രമണം നടത്തിയതെങ്കിലും ഇവര്‍ക്ക് സഹായം നല്‍കുന്നത് ഇറാനാണെന്ന് സൗദിയും അമേരിക്കയും ആരോപിച്ചു. ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നതിന്റെ തെളിവുകള്‍ അമേരിക്കയുടെ യുഎന്‍ പ്രതിനിധി നിക്കി ഹാലെ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
സൗദിയെ നേരിട്ട് ആക്രമിക്കാനാണ് ഇറാന്റെ ശ്രമമെന്നും അതിന്റെ ഭാഗമായാണ് ഹൂഥികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതെന്നും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു. അത് വന്‍ യുദ്ധമായി മാറാനുള്ള സാധ്യതയും അദ്ദേഹം തള്ളുന്നില്ല. ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ റദ്ദാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments