KeralaLatest NewsNews

കൊള്ളപലിശയ്‌ക്കെതിരെ സര്‍ക്കാര്‍ : ഓപ്പറേഷന്‍ ബ്ലേഡില്‍ നിരവധി പേര്‍ അറസ്റ്റില്‍

കൊച്ചി : കൊള്ളപ്പലിശക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 360 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. 42 കേസുകളെടുത്ത പൊലീസ് ലക്ഷക്കണക്കിന് രൂപയും മുദ്രപത്രങ്ങളും രേഖകളും പിടിച്ചെടുത്തു.

കൊള്ളപ്പലിശക്കാരെ പിടികൂടാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ബ്ലേഡ്’ പരിശോധനകളില്‍ 26 പേര്‍ അറസ്റ്റിലായി. ഐജി പി.വിജയന്റെ മേല്‍നോട്ടത്തില്‍ കൊച്ചി റേഞ്ചിലെ അഞ്ചു പൊലീസ് ജില്ലകളിലായിരുന്നു പരിശോധന. കൊച്ചി സിറ്റിയില്‍ 16 റെയ്ഡുകള്‍ നടത്തി. മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. രണ്ടു മുദ്രപ്പത്രങ്ങളും ഒരു ചെക്ക് ലീഫും രണ്ടു ചെക്ക് ബുക്കുകളും 2,51,890 രൂപയും പിടിച്ചെടുത്തു

എറണാകുളം റൂറല്‍ ജില്ലയില്‍ 58 പരിശോധനകളില്‍ ആറു കേസുകളെടുത്തു. നാലു പേരെ അറസ്റ്റുചെയ്തു. മൂന്ന് എഴുതാത്ത ചെക്കുകളും 95,570 രൂപയും പിടിച്ചെടുത്തു. ആലപ്പുഴയില്‍ 97 പരിശോധനകളില്‍ അഞ്ചു കേസുകള്‍. അഞ്ച് എഴുതാത്ത ചെക്കുകളും ഒരു മുദ്രപ്പത്രവും 14 ആധാരങ്ങളും 10,1000 രൂപയും പിടിച്ചെടുത്തു.

കോട്ടയത്ത് 106 പരിശോധനകളില്‍ 22 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 16 പേര്‍ അറസ്റ്റിലായി. 80 മുദ്രപ്പത്രങ്ങളും 23 പ്രോമിസറി നോട്ടുകളും 44 ആര്‍സി ബുക്കുകളും 252 ചെക്ക് ലീഫുകളും 44 ആധാരങ്ങളും 42 വാഹന വില്‍പന കരാറുകളും നാലു കാറുകളും ഒരു ബൈക്കും 4,48,395 രൂപയും പിടിച്ചെടുത്തു. ഇടുക്കിയില്‍ 88 പരിശോധനകളില്‍ ആറു കേസുകളെടുത്തു. ആറു പേര്‍ അറസ്റ്റിലായി. ഒന്‍പതു മുദ്രപ്പത്രങ്ങളും 17 ചെക്ക് ലീഫുകളും 60,290 രൂപയും 26 പവന്‍ സ്വര്‍ണവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button