മൂലമറ്റം: നാടിനെ നടുക്കിയ മൂന്നുങ്കവയല്‍ ഇടത്തൊട്ടിയില്‍ ജോമോന്റെ കൊലപാതക കേസിലെ ഒളിവില്‍ പോയ പ്രതി ജെറീഷിനായി പോലീസ് അന്വേഷണം ഊര്‍ജി തമാക്കി. കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ മാതാപിതാക്കളായ തോട്ടുചാലില്‍ തോമസിനെയും ലീലാമ്മയേയും ജനുവരി ആറു വരെ കോടതി റിമാന്‍ഡ് ചെയ്തു. തോമസിനെ മൂവാറ്റുപുഴ സബ് ജയിലിലേക്കും ലീലാമ്മയെ കാക്കനാട് വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. ജെറീഷും പിതാവും ലോട്ടറി വില്പനക്കാരാണ്.
തോമസ് പട്ടികജാതിക്കാരിയായ ലോട്ടറി വില്പനക്കാരി സ്ത്രീയെ തലയ്ക്ക് ചുറ്റികയ്ക്കടിച്ചു പരിക്കേല്പിച്ച കേസില്‍ ജാമ്യം നില്ക്കാന് പറഞ്ഞപ്പോള്‍ ജോമോന് വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു. ഒരാഴ്ച മുന്‍പാണ് ചുറ്റികയ്ക്കടിച്ച സംഭവം നടന്നത്. ബുധനാഴ്ച രണ്ടോടെ ഓട്ടോറിക്ഷയുമായി എത്തി ജെറീഷ് ജോമോനെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. മൂന്നുങ്കവയലിലെ മദ്യശാലയില്‍ നിന്നും മദ്യം വാങ്ങിയാണ് ഇവര്‍ ജെറീഷിന്റെ വീട്ടിലെത്തിയത്. മദ്യം കഴിച്ചശേഷമുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോമോന്റെ പുറത്തേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 16 സെന്റീമീറ്ററില്‍ കൂടുതല്‍ നീളമുള്ള കത്തി കൊണ്ട് പിന്നില്‍ നിന്നുമുള്ള കുത്ത് നെഞ്ചു പിളര്‍ന്നു മുന്‍ വശത്ത് എത്തിയിരുന്നു. ബുധനാഴ്ച്ച തന്നെ ജോമോന് കൊല്ലപ്പെട്ടിരുന്നു. അന്ന് രാത്രിയില്‍ തന്നെ ജെറീഷും, പിതാവും ചേര്‍ന്നു പറമ്പിലൂടെ വലിച്ചുകൊണ്ടു പോയി മൃതദേഹം തോട്ടിലേക്ക് ഇടുകയായിരുന്നു.
ജോമോന്റെ ഷര്‍ട്ടും, കൈലിയും ഇതിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ജെറീഷും പിതാവും നേരത്തെ കശാപ്പുകാരായിരുന്നു. കശാപ്പു കത്തി ഉപയോഗിച്ചു കുത്തിയെന്നാണു നിഗമനം. ജെറീഷിനെ പിടികൂടിയാല്‍ മാത്രമെ കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനാകു.
ജോമോന്റെ സഹോദരിയും, മാതാവും ജോമോനെ അന്വേഷിച്ച് ജെറീഷിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ജോമോന് തോട്ടില്‍ മരിച്ചു കിടക്കുകയായിരുന്നു. മൃതദേഹം പുറത്തെടുക്കുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിനിടയ്ക്കു ജെറീഷ് മദ്യവും വാങ്ങി അറക്കുളത്ത് കറങ്ങുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ജോമോന്റെ ശരീരത്തിലുള്ള മറ്റു മുറിവുകള്‍ മൃഗങ്ങള്‍ കടിച്ചുണ്ടായതാണെന്നാണ് ഡോക്ടറുടെ നിഗമനം.
കൊലപാതകത്തിനു ശേഷം ഇവര്‍ വീടു കഴുകിയെന്നു ജെറീഷിന്റെ അമ്മ പറഞ്ഞു. കൂടാതെ രക്തം പുരണ്ട തുണി, കൈകള്‍ കൂട്ടികെട്ടിയതാണെന്നു കരുതുന്ന വിധത്തിലുള്ള തുണിയുടെ തേര്, മുറിക്കകത്തും വാതില്‍ പടിയിലും പറ്റിയിരുന്ന രക്തം എന്നിവ സയന്റിഫിക് വിദഗ്ധര്‍ ശേഖരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും പോലീസ് നായ സ്റ്റെഫി വന്ന് കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ചെങ്കിലും പറമ്പിനു ചുറ്റും ഓടിയ ശേഷം മൃതദേഹം കിടന്നിടത്ത് വന്ന് നില്‍ക്കുകയാണ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഇന്നലെ ജോമോന്റെ സംസ്കാരം നടത്തി.
Post Your Comments