കേരളത്തിലെ മത്സ്യ വിപണിയില്‍ നിന്ന് ലഭിയ്ക്കുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും ഫോര്‍മാലിന്‍ പോലുള്ള അതീവ വിഷാംശമുള്ള രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുള്ളതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മത്സ്യത്തിലെ മായവും വിഷാംശവും കണ്ടെത്താനുള്ള പരിശോധന കിറ്റ് വിപണിയില്‍ എത്തിക്കുകയാണ് സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്‌നോളജി. മീനിന്റെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.
മലയാളികള്‍ ദിവസവും കഴിക്കുന്ന മത്സ്യത്തില്‍ വ്യാപകമായി വിഷരാസ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നതിന് തെളിവുകള്‍ പുറത്ത് വന്നുകഴിഞ്ഞതാണ്. ക്യാന്‍സറിന് വരെ കാരണമാകുന്ന ഫോര്‍മാല്‍ഡിഹൈഡ്, വായക്കും, തൊണ്ടക്കും, വയറിനും മുറിവേല്‍പ്പിക്കുന്ന അമോണിയ തുടങ്ങി മത്സ്യങ്ങളില്‍ കാണാന്‍ സാധ്യതയുള്ള വിഷരാസ് വസ്തുക്കളുടെ സാന്നിദ്ധ്യമിനി സാധാരണക്കാരനും തിരിച്ചറിയാം.
സിഐഎഫ്ടി വികസിപ്പിച്ച പരിശോധനാ കിറ്റ് ഉപയോഗിച്ച് മീന്‍ വാങ്ങുമ്പോള്‍ തന്നെ വിഷരാസ്വസ്തുക്കളുടെ സാന്നിദ്ധ്യം തത്സമയം തിരിച്ചറിയാനാകും.കിറ്റിലുള്ള പേപ്പര്‍ മത്സ്യത്തില്‍ ഉരയ്ക്കുക,ശേഷം ഈ പേപ്പറിലേക്ക് രാസലായനിയൊഴിക്കുക. 2 മിനിറ്റില്‍ സംഭവിച്ച നിറവ്യത്യാസം കളര്‍ചാര്‍ട്ടുമായി ഒത്തു നോക്കിയാല്‍ കണ്‍മുന്നിലുള്ള മത്സ്യം ഭക്ഷ്യയോഗ്യമാണോയെന്ന് അറിയാം.
ഒരു തവണ പരിശോധിക്കുന്നതിന് അഞ്ച് രൂപയില്‍ താഴെയാണ് ചിലവ് വരുന്നത്. വ്യവസായിക അടിസ്ഥാനത്തില്‍ ഉത്പാദന ചിലവ് ഇനിയും കുറയ്ക്കാനാകുമെന്നാണ് സിഐഎഫ്ടിയുടെ പ്രതീക്ഷ. മല്‍സ്യങ്ങളുടെ ഗുണനിലവാരം അന്തിമമായി നിശ്ചയിക്കുന്നിതിനുളള റഫറല്‍ ലാബായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്ത സ്ഥാപനമാണ് കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി.
Post Your Comments