തലശ്ശേരി : തലശ്ശേരിയിൽ ജ്വല്ലറി ഉടമ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനാവാത്ത കേസ് ഒടുവിൽ സിബിഐ ഏറ്റെടുത്തു വർഷം രണ്ടു കഴിഞ്ഞിട്ടും കൊലയാളികളെ സംബന്ധിച്ചു വിവരമില്ല. നേരത്തേ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണു ദിനേശന്റെ സുഹൃത്ത് ഗോവിന്ദരാജ് ഹൈക്കോടതിയെ സമീപിച്ചു കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവായത്.
മെയിൻറോഡിലെ സവിതാ ജ്വല്ലറി ഉടമ തലായി സ്നേഹയിൽ പി.കെ.ദിനേശനാ(56)ണ് കൊലപ്പെട്ടത്. ജ്വല്ലറിക്കകത്തെ പൂജാമുറിയിൽ കുത്തേറ്റു മരിച്ച നിലയിലായിരുന്നു. ഈ സമയത്ത് സമീപത്തെ കടകളിലേറെയും തുറന്നിരുന്നു. ബന്ധുക്കളെയും ഇതരസംസ്ഥാന തൊഴിലാളികളെയും കവർച്ചയും മോഷണവും തൊഴിലാക്കിയവരെയും ഉൾപ്പെടെ പൊലീസും സിബിഐയും ചോദ്യം ചെയ്തുവെന്നാണു വിവരം.
2014 ഡിസംബർ 23നു രാത്രി ഏഴിനും എട്ടിനുമിടയിലാണു ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്ന് ഏതാനും മീറ്റർ മാറി മെയിൻറോഡിലെ ജ്വല്ലറിയിൽ ദിനേശൻ കൊല്ലപ്പെട്ടത്. എന്നിട്ടും നഗരമധ്യത്തിൽ നടന്ന കൊലയ്ക്ക് തുമ്പുണ്ടാക്കാനാവാത്തതു നാട്ടുകാരിലും അങ്കലാപ്പുണ്ടാക്കുന്നു. കടയിലുണ്ടായിരുന്ന രണ്ടു പവൻ സ്വർണാഭരണവും അകത്തു സൂക്ഷിച്ചിരുന്ന മുക്കുപണ്ടങ്ങളും നഷ്ടപ്പെട്ടിരുന്നു. നൂറുകണക്കിനു ഫോൺകോളുകൾ പരിശോധിച്ചിട്ടും ഒട്ടേറെ പേരെ ചോദ്യം ചെയ്തിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
Post Your Comments