കൊച്ചി : അപേക്ഷിച്ച് ഏഴു ദിവസത്തിനകം റേഷന്‍ കാര്‍ഡ് ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനുറച്ച് ഭക്ഷ്യവകുപ്പ്. റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പരിശോധനകള്‍ ആധാര്‍ മുഖേനെയുള്ള വിവരശേഖരണത്തിലൂടെ ലളിതമാക്കും. അതിനിടെ റേഷന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കുകയാണെന്ന ആരോപണവും പദ്ധതിക്കെതിരെ ഉണ്ട്.
ഇതിനായി റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സോഫ്‌റ്റ്വെയര്‍ പരിഷ്‌കരിക്കണമെന്നു നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിനോടു (എന്‍ഐസി) ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍ ഓഫിസില്‍നിന്ന് അപേക്ഷാ ഫോം വിതരണം ചെയ്യുന്നത് ആഴ്ചയിലൊരിക്കലാണ്. പൂരിപ്പിച്ചു സ്റ്റാംപ് ഒട്ടിച്ച് താമസസ്ഥലത്തിന്റെ രേഖയും ബന്ധുത്വ സാക്ഷ്യപത്രവും നിലവില്‍ റേഷന്‍ കാര്‍ഡ് ഇല്ലെന്നു കാണിക്കുന്ന രേഖയും നല്‍കണം. തുടര്‍ന്നു റേഷനിങ് ഇന്‍സ്‌പെക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തണം. അതു പൂര്‍ത്തിയായ ശേഷം കാര്‍ഡുടമയെ വിളിച്ചുവരുത്തി ഫോട്ടോയെടുക്കണം. ഈ നടപടി ക്രമങ്ങളെല്ലാം ഇതോടെ ലഘൂകരിക്കപ്പെടും.
സോഫ്‌റ്റ്വെയര്‍ പരിഷ്‌കരണത്തോടെ ഈ ബദ്ധപ്പാട് ഒഴിവാകും. തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷ നല്‍കാം. ആധാര്‍ നമ്പര്‍ നല്‍കുന്നതോടെ അപേക്ഷയിലെ ഒട്ടു മിക്ക കോളങ്ങളും പൂരിപ്പിക്കപ്പെടും. ആദ്യം ലഭിക്കുന്ന കാര്‍ഡ് ജനറല്‍ വിഭാഗത്തിലേതായിരിക്കും. മുന്‍ഗണനപ്പട്ടികയില്‍ കയറാന്‍ അര്‍ഹതയുണ്ടെങ്കില്‍ ഓരോ വര്‍ഷവും പട്ടിക പുതുക്കുമ്പോള്‍ അപേക്ഷിക്കാം.
Post Your Comments