ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന പത്ത് ഐഎഎസ്സുകാരുടെ ലിസ്റ്റില്‍ ഒന്നാമതെത്തിയത് മലയാളികളുടെ സ്വന്തം കളക്ടര്‍ ബ്രോയാണ്. കോഴിക്കോട് ജില്ലയെ നന്മയുടെ കൂടാക്കി മാറ്റിയ പ്രശാന്ത് നായര്‍ അടക്കം നല്ല സേവനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി കാഴ്ച്ച വെച്ചത് പത്തു കളക്ടര്‍മാരാണ്
കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍
ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന പത്ത് ഐഎഎസ്സുകാരില്‍ ഒന്നാമന് നമ്മുടെ കളക്ടര്‍ ബ്രോ എന്നത് മലയാളികള്‍ക്കും ആവേശം പകരുന്നത് തന്നെയാണ്. കോഴിക്കോട് നഗരത്തിന് വേണ്ട കളക്ടര്‍ ബ്രോ ചെയ്ത നല്ല കാര്യങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ഇങ്ങനെ ഒരു കളക്ടറാണ് നമുക്ക് വേണ്ടതെന്ന് പ്രശാന്തിന്റെ സേവനങ്ങളെ കുറിച്ച് അറിഞ്ഞാല്‍ ആരും പറഞ്ഞു പോകും.
പ്രശാന്ത് നായര്‍ ഐഎഎസിന്റെ മനസ്സില്‍ വിരിഞ്ഞ നൂതന ആശയങ്ങളായിരുന്നു കോഴിക്കോട് നഗരത്തെ കീഴടക്കിയ ഓപ്പറേഷന് സുലൈമാനി, മാലിന്യ സംസ്ക്കരണത്തിനുള്ള പദ്ധതിയായ തേരെ മേരെ ബീച്ച് മേം, പ്രായമായവരുടെ മെച്ചപ്പെട്ട ജീവിതത്തിനുള്ള യോ അപ്പൂപ്പ തുടങ്ങിയവ. ഇവയെല്ലാം കോഴിക്കോട്ടെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.
ഇതിന് പുറമേ കരുണാര്‍ദ്രം, ഫോസ്റ്റര്‍ എ ചൈല്‍ഡ് പദ്ധതി, ഭിന്നശേഷിക്കാര്‍ക്കായുള്ള ഹെല്പ് ഡെസ്ക്, സ്കോളര്‍ഷിപ്പ് പദ്ധതി, പാലിയേറ്റീവ് കെയര്‍ ജനകീയമാക്കുന്നതിനുള്ള സംവേദനം പദ്ധതി തുടങ്ങി മാനസികാരോഗ്യ കേന്ദ്രം അന്തേവാസികള്‍ക്ക് ചപ്പാത്തി പരത്താനുള്ള വളണ്ടിയര്‍ കൂട്ടായ്മ വരെയുള്ള നിരവധി നന്മകള് ചെയ്തു.
ഓപ്പറേഷന് സുലൈമാനി
കോഴിക്കോട് നഗരത്തില്‍ വിശക്കുന്നവന് ഭക്ഷണം നല്കുന്ന പ്രവര്‍ത്തനമാണ് ഓപ്പറേഷന് സുലൈമാനിയിലൂടെ നടപ്പിലാക്കിയത്. ജില്ലയിലെ ഹോട്ടല്‍ വ്യവസായികളുടെ സംഘടനയുമായും മറ്റ് എന്‍ജിയോകളുമായും സഹകരിച്ചാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് ഐഎഎസ് ഈ പദ്ധതി വിഭാവനം ചെയ്തത്. കോഴിക്കോട്ടുകാര്‍ക്ക് പ്രത്യേക അടുപ്പം ഈ പദ്ധതിയോട് തോന്നുന്നതിനാണ് സുലൈമാനി എന്ന് ഇതിന് പേരിട്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പ്രശാന്ത് പറഞ്ഞിരുന്നു. ദരിദ്രരായ ആളുകളെ ഉദ്ദേശിച്ചു നടപ്പാക്കുന്ന പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാന്‍ പ്രത്യേക കൂപ്പണുകള്‍ ജില്ലാ ഭരണകൂടം വിതരണം ചെയ്യും. 2015 മെയ് മുതല്‍ കോഴിക്കോട്ട് നടപ്പായ പദ്ധതിക്ക് അഞ്ജലി മേനോന് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ സിനിമയാണ് പ്രചോദനമായത്.
ജനമനസ്സു തൊട്ടറിഞ്ഞ് കംപാഷനേറ്റ് കോഴിക്കോട് എന്ന പദ്ധതിക്കും കളക്ടര്‍ ബ്രോ തുടക്കമിട്ടു. ജീവിതത്തിന്റെ ഏത് തുറകളിലുമുള്ളവരും പൊതുകാര്യങ്ങള്‍ക്കായി അല്പം സമയം മാറ്റിവയ്ക്കുകയെന്ന സന്ദേശമായിരുന്നു ഈ പദ്ധതി. ഓരോ മാസവും സേവനത്തിനായി മാറ്റിവയ്ക്കാന്‍ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ബാക്കിയുള്ള അമ്ബതിനായിരം സന്നദ്ധസേവകരെ കണ്ടെത്തുന്ന പദ്ധതിയായിരുന്നു ഇത്. ഇത്തരത്തില്‍ സാമൂഹ്യസേവനത്തിന്റെ പുതുമാതൃകയാണ് കളക്ടര്‍ തീര്‍ത്തത്. ഇതുവഴി ജനസേവനത്തിന്റെ രണ്ടരലക്ഷം മണിക്കൂറെങ്കിലും സൃഷ്ടിക്കാനാവുമെന്ന സങ്കല്പം തന്നെ പുതുമയുള്ള ആശയമായി.
കൂലിപ്പണിക്കാര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ ഏത് മേഖലകളിലുള്ളവരാവട്ടെ, അവര്‍ക്കെല്ലാം തങ്ങള്‍ക്ക് കഴിവും താല്പര്യവുമുള്ള മേഖലകളില്‍ സന്നദ്ധസേവനത്തിന് അവസരമൊക്കുന്നുവെന്നതാണ് പദ്ധതിയുടെ സവിശേഷത. ആതുര സേവനം, രോഗികളുടെ പരിചരണം, ശുചീകരണം, കൊതുക് നിവാരണം, ആരോഗ്യം, വിദ്യാഭ്യാസം മുതല്‍ ആതുരസേവന മേഖലകളുമായി ബന്ധപ്പെട്ട സര്‍വേകള്‍, വെബ്ഡിസൈനിങ്, മൊബൈല്‍ ആപ് ഡെവലപിങ്, ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് തുടങ്ങി സേവനത്തിന്റെ അനന്തസാധ്യതകളാണ് പദ്ധതി തുറന്നിടുന്നത്. വെറും വാചകമടിയും സര്‍ക്കാരിനെ കുറ്റപ്പെടുത്തലുമല്ല സേവനമെന്ന് കാട്ടിക്കൊടുക്കുകയായിരുന്നു പ്രശാന്ത്.
നിര്‍ധനരും മോശമായ കുടുംബ സ്ഥിതിയും മൂലം പഠനം വഴിമുട്ടിയ 400 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നടപ്പാക്കി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി സഹായം അനുവദിക്കുകയും വര്‍ഷങ്ങളായി മടുത്ത ഭക്ഷണങ്ങള്‍ മാറ്റുകയും ചെയ്തു. ജില്ലയിലെ വെല്‍ഫെയര്‍ ഹോമുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങളും സേവനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നിറവേറ്റാന്‍ കംപാഷനേറ്റ് കോഴിക്കോട് വെബ് സൈറ്റ് ആരംഭിച്ചു. കളക്റ്റ്രേറ്റില്‍ തന്നെ നിരവധി പ്രവര്‍ത്തനങ്ങള്‍. അനധികൃത മൈനിംങ്ങ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയും ഇക്കാലയളവില്‍ കൈ കൊണ്ടു.
Post Your Comments