സൗദി: യെമനില്‍ നിന്നുള്ള ഹൂതികളുടെ ആക്രമണം ചെറുക്കുന്നതിനായി തെക്കന്‍ അതിര്‍ത്തിയില്‍ സൗദി സുരക്ഷ ശക്തമാക്കി. ഇറാന്റെ പിന്തുണയോടെ യമനിലെ ഹൂതി ഭീകരവാദികള്‍ സൗദിക്ക് നേരെ ഇതുവരെ 83 തവണ മിസൈല്‍ ആക്രമണം നടത്തിയതായി സഖ്യസേനാ വക്താവ് തുര്‍ക്കി ബിന്‍ സാലിഹ് അല്‍ മാല്കി പറഞ്ഞു.
കഴിഞ്ഞ ദിവസം റിയാദിനു നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തിരുന്നു. യമനിലെ എണ്‍പത്തിയഞ്ചു ശതമാനം പ്രദേശങ്ങളും ഇപ്പോള്‍ നിയമാനുസൃത ഗവര്‍മെന്റിന് കീഴിലാണെന്ന് തുര്‍ക്കി അല്‍ മാലികി പറഞ്ഞു. 11,000 ഹൂത്തി ഭീകരവാദികള്‍ ഇതുവരെ കൊല്ലപ്പെട്ടു. ഇറാനിയന്‍ അജണ്ട നടപ്പിലാക്കുന്ന ഹൂത്തികള്‍ക്കെതിരെയുള്ള പോരാട്ടം തുടരാന്‍ അദ്ദേഹം യമനികളോട് ആവശ്യപ്പെട്ടു.
അതേസമയം ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സൗദിയുടെ തെക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. അസീര്‍, നജ്‌റാന്‍, ജിസാന്‍ എന്നീ ഭാഗങ്ങളിലാണ് കൂടുതല്‍ സൈനിക സാന്നിധ്യം ഉള്ളത്. ഈ വര്‍ഷം ജനുവരി 27നാണ് സൗദിയെ ലക്ഷ്യമാക്കി ആദ്യ ഹൂത്തി മിസൈല്‍ ആക്രമണം ഉണ്ടായത്. നജ്‌റാന്‍ നഗരത്തെ ലക്ഷ്യമാക്കി വന്ന മിസൈല്‍ സൗദി സേന തകര്‍ത്തു.
ജിസാന്‍, അബഹ, ഖമീഷ് മുശൈത്ത് എന്നീ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായി. കഴിഞ്ഞ ജൂലൈ 28നു വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സഖ്യസേന തകര്‍ത്തു. നവംബര്‍ നാലിനും ഡിസംബര്‍ പത്തൊമ്പതിനുമാണ് റിയാദ് നഗരത്തിനു നേരെ ആക്രമണം ഉണ്ടായത്.
സൗദിയിലെ ജിസാന്‍, നജ്‌റാന്‍, അസീര്‍ ഭാഗങ്ങളില്‍ ഹൂതികള്‍ നടത്തിയ റോക്കറ്റ് ആക്രമങ്ങളില്‍ 2800 വീടുകള്‍, 1300 വാഹനങ്ങള്‍, 272 കടകള്‍, 87 കൃഷി തോട്ടങ്ങള്‍, 70 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവ തകര്‍ന്നിരുന്നു. ജിസാനില്‍ രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നജ്‌റാനില്‍ രണ്ടു പേര്‍ മരിക്കുകയും ഇരുപത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസീറില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments