Latest NewsKeralaNews

ദുരിതം നിറഞ്ഞ പ്രവാസജീവിതത്തോട് വിടപറഞ്ഞ്, നവയുഗത്തിന്റെ സഹായത്തോടെ തമിഴ്‌നാട് സ്വദേശിനി നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കൊണ്ട് വലഞ്ഞു വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് കുറുമൻ സ്ട്രീറ്റ് സ്വദേശിയായ മൈകപ്പാർ പിച്ചൈയ്ക്കാണ് പ്രവാസം ദുരിതങ്ങൾ നിറഞ്ഞ അനുഭവമായത്. എട്ടു മാസങ്ങൾക്ക് മുൻപാണ് പിച്ചൈ ദമ്മാമിൽ ഒരു വീട്ടിൽ ജോലിയ്ക്കായി എത്തിയത്. എന്നാൽ വളരെ ദുരിതം നിറഞ്ഞ ജോലിസാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. രാപകൽ വിശ്രമമില്ലാതെ ജോലി എടുപ്പിച്ച പോരാഞ്ഞിട്ട്, ജോലി ശരിയായില്ല എന്ന് ആരോപിച്ച് മർദ്ദിയ്ക്കുകയും ചെയ്യുമായിരുന്നെന്ന് പിച്ചൈ പറഞ്ഞു. ആദ്യമൊക്കെ ശമ്പളം കിട്ടിയിരുന്നെങ്കിലും, ക്രമേണ അതും കുടിശ്ശികയായിത്തുടങ്ങി. ആറുമാസം ജോലി ചെയ്‌തെങ്കിലും നാല് മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. ഒരിയ്ക്കൽ മർദ്ദനത്തിൽ കൈവിരലുകൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. സഹികെട്ട പിച്ചൈ ഒരു ദിവസം ആരുമറിയാതെ പുറത്തു കടന്ന്, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.

അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് പിച്ചൈ കാര്യങ്ങളൊക്കെ പറഞ്ഞു, സഹായം അഭ്യർത്ഥിച്ചു.മഞ്ജു പിച്ചൈയുടെ സ്‌പോൺസറെ പലപ്രാവശ്യം ഫോണിൽ ബന്ധപ്പെട്ട് അനുരഞ്ജനശ്രമങ്ങൾ നടത്തിയെങ്കിലും, അവർ സഹകരിയ്ക്കാൻ തയ്യാറായില്ല. ലേബർ കോടതിയിൽ കേസിന് പോകാൻ മഞ്ജു ഉപദേശിച്ചെങ്കിലും, എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങിയാൽ മതി എന്ന നിലപാടിൽ ആയിരുന്നു പിച്ചൈ. തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സി വഴി പിച്ചൈയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി നൽകുകയും ചെയ്തു.

എല്ലാവർക്കും നന്ദി പറഞ്ഞു, അനിശ്ചിതത്വം നിറഞ്ഞ ഭാവിയെപ്പറ്റിയുള്ള ചിന്തകളിൽ വിഷമിച്ചു, പിച്ചൈ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button