കറുകച്ചാല്‍: കാണാതായ ആളെ ഫേസ്ബുക്ക് വഴി വീട്ടിലെത്തിച്ചു. മൂന്നു മാസം മുന്‍പ് ഓര്‍മ്മ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കാണാതായ ആളെ ഫേസ്ബുക്കിന്റെ സഹായത്തോടെ കണ്ടെത്തി. നെടുംകുന്നം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചോലിക്കല്‍ വര്‍ഗീസ് കുര്യാക്കോസിനെയാണ്(പാപ്പച്ചി-73) തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ നിന്ന് കണ്ടെത്തിയത്. മൂന്നു മാസം മുന്‍പ് കുടുംബത്തോടൊപ്പം അണക്കരയില്‍ ധ്യാനത്തിനു പോയതായിരുന്നു പാപ്പച്ചി. ധ്യാനകേന്ദ്രത്തിലെ തിരക്കിനിടയില്‍ കാണാതായി. തുടര്‍ന്ന് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പലയിടത്തും അന്വേഷണം നടത്തി.
പത്രപ്പരസ്യവും വിവിധ ജില്ലകളില്‍ പോസ്റ്ററുകളും പതിച്ചിട്ടും ആളെ കണ്ടെത്താനായില്ല. നാലു ദിവസം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍കോളേജിന് സമീപം റോഡരികില്‍ അവശനായി കിടന്ന ആളെ മെഡിക്കല്‍കോളേജ് പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓര്‍മ്മയില്ലാത്തതിനാല്‍ പാപ്പച്ചിയില്‍നിന്ന് യാതൊരു വിവരങ്ങളും പോലീസിനും ആശുപത്രി അധികൃതര്‍ക്കും കിട്ടിയില്ല.
ഇയാളെ പ്രവേശിപ്പിച്ച അതേ വാര്‍ഡില്‍ മറ്റൊരു രോഗിയുടെ കൂടെ എത്തിയ അനസ് മുംതാസ് എന്ന യുവാവ് പാപ്പച്ചിയുടെ ഫോട്ടോയും വീഡിയോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. അനസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ട നെടുംകുന്നം സ്വദേശിയായ യുവാവ് വാര്‍ഡംഗം സി.ജെ.ബീനയെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പാപ്പച്ചിയുടെ കുടുംബം ഇക്കാര്യം അറിയുന്നത്. സംഭവം അറിഞ്ഞ കുടുംബാംഗങ്ങള്‍ തിങ്കളാഴ്ച രാത്രിയില്‍ തിരുവനന്തപുരത്ത് എത്തി പാപ്പച്ചിയെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവന്നു. എന്നാല്‍ ഓര്‍മ്മശക്തിയില്ലാത്തതിനാല്‍ പാപ്പച്ചി എങ്ങനെയാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ആര്‍ക്കും അറിയില്ല.
Post Your Comments