റിയാദ്: സൗദി അറേബ്യ 2018-ലെ ബജറ്റ് ഭരണാധികാരി സല്മാന് രാജാവ് പ്രഖ്യാപിച്ചു. 978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് പ്രഖ്യാപിച്ചത്. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നല്‍കിയത്.
നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് 88 ബില്യന്‍ റിയാല്‍ അധികമാണ് അടുത്ത വര്‍ഷം ചെലവ് പ്രതീക്ഷിക്കുന്നത്. 2017ല്‍ 890 ബില്യന്‍ റിയാലിന്റെ ബജറ്റ് ആണ് അവതരിപ്പിച്ചതെങ്കില്‍ അടുത്ത വര്‍ഷം 978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റാണ് മന്ത്രി സഭാ യോഗത്തില്‍ സല്മാന് രാജാവ് പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം 783 ബില്യന്‍ റിയാല്‍ വരുമാനം പ്രതീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ 195 ബില്യന്‍ റിയാലിന്റെ കമ്മി മാത്രമാണ് ബജറ്റില്‍ ഉണ്ടാവുക. 2014 മുതല്‍ ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നതോടെ കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദി അറേബ്യ കമ്മി ബജറ്റാണ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ പൗരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സമ്പദ്ഘടനയുടെ വൈവിധ്യവല്‍ക്കരണവുമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നതെന്ന് കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് പ്രതികരിച്ചു. വിഷന്‍ 2030 പരിഷ്കരണ പദ്ധതി നടപ്പിലാക്കുക വഴി ഇപ്പോള്‍ തന്നെ രാജ്യത്ത് പ്രകടമായ മാറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷന്‍ 2030ന്റെ ഭാഗമായി 12 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇത് ഓയില്‍ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന് മുതല്‍കൂട്ടാകുമെന്നും രാജാവ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Post Your Comments