ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടി.യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പെന്ന് കേന്ദ്രം. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി സമവായമുണ്ടായശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാടെന്താണെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജെയ്റ്റ്ലി. മുന്‍ യു.പി.എ. സര്‍ക്കാരിന്റെ കരട് ജി.എസ്.ടി. ബില്ലില്‍ പെട്രോള്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിട്ടും രാജ്യത്ത് വില കുറയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേ പെട്രോളിയം ഉത്പന്നങ്ങളുടെമേല്‍ നിരവധി നികുതികള്‍ സംസ്ഥാനങ്ങളും ചുമത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം വിവിധ സംസ്ഥാനങ്ങള്‍ നികുതികള്‍ പിന്‍വലിച്ചു. എന്നാല്‍ യു.പി.എ.യും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി പിന്‍വലിച്ചില്ല- മന്ത്രി പറഞ്ഞു.
Post Your Comments