പത്തനംതിട്ട : സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ വീണ്ടും വെള്ളാപ്പള്ളി നടേശൻ.ഓഖി ചുഴലിക്കാറ്റിലെ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ വലിയ തുക സഹായമായി നല്‍കുന്നതിനെ വിമര്‍ശിച്ചു വെള്ളാപ്പള്ളി രംഗത്തെത്തി. ലത്തീന്‍ സമുദായം സര്‍ക്കാറിനെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയും ഒരാള്‍ക്ക് ജോലിയുമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്. അതും പോരാ എന്നുപറഞ്ഞ് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ബിഷപ് സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ ലത്തീന്‍ സമുദായം.
പുറ്റിങ്ങല്‍ ദുരന്തത്തില്‍ 107 പേര്‍ മരിച്ചു. അവര്‍ക്ക് നല്‍കിയത് തുച്ഛമായ തുകയാണ്. ആർക്കും സർക്കാർ ജോലിയും നൽകിയിട്ടില്ല. സര്‍ക്കാറില്‍നിന്ന് കിട്ടാവുന്നതെല്ലാം വാങ്ങിയെടുക്കുന്ന നാമമാത്രമായ ലത്തീന്‍ സമുദായം സ്വന്തം പണം ബിഷപ്പുമാരുടെ ആഡംബരത്തിനാണ് ഉപയോഗിക്കുന്നതെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഈ സഹായങ്ങളെല്ലാം നൽകുന്നത് ജനങ്ങളുടെ നികുതി പണമാണ്. ഓരോ മതസംഘടനകള്‍ നിര്‍ദേശിക്കുന്നവരെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇവരുടെ മതേതരത്വം കള്ളനാണയമാണ്.
കടല്‍ ദുരന്തം നടന്നപ്പോള്‍ ആളുകളെ സഹായിക്കാതെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു കോണ്‍ഗ്രസ്. ഗുജറാത്തിലും കോൺഗ്രസ് ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മഞ്ഞയില്ലാതെ ചുവപ്പില്ല എന്ന കാര്യം ഇടതുപക്ഷം ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പത്തനംതിട്ട സ്റ്റേഡിയത്തില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Post Your Comments