ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട കേസില്‍ കേരള ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാന്‍ സുപ്രീംകോടതി മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ വിവിധ ഹൈക്കോടതികളില്‍നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റാന്‍ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.എം. ശാന്തനുഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
പെന്‍ഷന്‍ വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഒട്ടേറെ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി വിധി കാത്തിരിക്കുകയാണെന്ന് അഡ്വ. റോയ് അബ്രഹാം ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. കേരള ഹൈക്കോടതിയുടെ ഉത്തരവുവന്നശേഷം സുപ്രീംകോടതി നല്‍കുന്ന ഉത്തരവിന്റെ വെളിച്ചത്തിലേ ഇനി ഹര്‍ജികളുമായി മുന്നോട്ടുപോകാവൂയെന്ന് ബെഞ്ച് വ്യക്തമാക്കി. കേസ് ജനുവരി മൂന്നാംവാരം വീണ്ടും പരിഗണിക്കും.
പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീമിലേക്ക് മുഴുവന്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതമടച്ചവര്‍ക്ക് വര്‍ധിച്ച പെന്‍ഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് നല്‍കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഹൈക്കോടതികളില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളില്‍നിന്ന് (എക്‌സംപ്റ്റഡ് എസ്റ്റാബ്ലിഷ്‌മെന്റ്) വിരമിച്ചവര്‍ക്ക് മുഴുവന്‍ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ലഭിക്കില്ലെന്ന പി.എഫ്. അതോറിറ്റിയുടെ ഉത്തരവും ഹര്‍ജികളില്‍ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കൊല്ലം മാര്‍ച്ച് 23-നും മേയ് 31-നും ഇ.പി.എഫ്.ഒ. പുറത്തിറക്കിയ ഉത്തരവുകള്‍ പ്രോവിഡന്റ് ഫണ്ട് വരിക്കാരില്‍ കടുത്ത ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍, മാസങ്ങള്‍ക്കുമുന്‍പേ വാദം പൂര്‍ത്തിയായ എല്ലാ ഹര്‍ജികളിലും കേരള ഹൈക്കോടതിയുടെ ഉത്തരവ് ജനുവരിയില്‍ത്തന്നെ ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments