കണ്ണൂര്‍: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എതിരാളികളെ മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശസ്‌ത്രക്രിയക്കുപയോഗിക്കുന്ന ‘സര്‍ജിക്കല്‍ ബ്ലേഡുകള്‍’ പ്രയോഗിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ആണെന്ന് പൊലീസ് കണ്ടെത്തി. രാഷ്‌ട്രീയ വിവാദങ്ങളൊഴിവാക്കാന്‍, എതിരാളിയെ കൊലപ്പെടുത്താതെ മാരകമായി പരിക്കേല്‍പ്പിക്കുന്ന സംഭവങ്ങളും പതിവാവുകയാണ്.
എതിര്‍ചേരിയിലുള്ളവരുടെ ദേഹത്ത് പെട്ടെന്ന് ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ സാധിക്കുമെന്നതാണ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കാന്‍ കാരണം. ഒരു കൈവിരലോളം വരുന്ന ബ്ലേഡ് പോക്കറ്റിലിട്ട് കൊണ്ട് നടക്കാമെന്ന സൗകര്യവും ഉണ്ട്. ഈ ബ്ലേഡ് എളുപ്പത്തില്‍ മരുന്ന് കടകളില്‍ നിന്ന് വാങ്ങിക്കാനും കഴിയുന്നു. ഏതാനും ദിവസം മുമ്പ് അഴിക്കോട്ട് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനെതിരെ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മാരകമായി മുറിവേല്‍പിച്ചിരുന്നു. വയറില്‍ നീളത്തിലുണ്ടാക്കിയ മുറിവിനെ തുടര്‍ന്ന് കുടല്‍മാല പുറത്ത്ചാടിയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാള്‍ ആഴ്ചകളോളമാണ് ചികിത്സയില്‍ കഴിഞ്ഞത്.
തലശേരിയിലെ ഒരു സി പി എം പ്രവര്‍ത്തകനെതിരെയും ഇതേ ആയുധം പ്രയോഗിച്ചിരുന്നു ഇയാള്‍ക്കും മാരകമായി മുറിവേറ്റിരുന്നു. അധികം ശക്തി പ്രയോഗിക്കാതെ തന്നെ മാരകമായി മുറിവേല്‍പ്പിക്കാന്‍ കഴിയും എന്നത് ഇതിന്റ ഉപയോഗം വ്യാപിക്കാന്‍ ഇടയുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഓപ്പറേഷന്‍ തീയേറ്ററുകളില്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ബ്ലേഡ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ആയുധമാകുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ക്ക് കര്‍ശനമായ മുന്നറിയിപ്പ് നല്‍കാനുള്ള തയാറെടുപ്പിലാണ് പോലീസ്.
Post Your Comments