Latest NewsKeralaNews

മതപരിവര്‍ത്തനം: തിരുവനന്തപുരത്ത് പള്ളി അടിച്ചുതകര്‍ത്തു

തിരുവനന്തപുരം•മതപരിവര്‍ത്തനം ആരോപിച്ച് തിരുവനന്തപുരം അമ്പൂരി കുട്ടമലയില്‍ ക്രിസ്ത്യന്‍പള്ളി അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സി.എസ്.ഐ സഭയ്ക്ക് കീഴില്‍ വരുന്ന എച്ച്‌.എം.എസ് ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച മതപരിവര്‍ത്തനം ആരോപിച്ച് ഈ പള്ളിയിലെ പുരോഹിതന്‍ ലോറന്‍സിന് പള്ളിയ്ക്ക് സമീപം വച്ച് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയിലെ ആക്രമണം.

പള്ളിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമികള്‍ മുറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പ്രാര്‍ത്ഥനാ സാധനങ്ങളും മൈക്ക് സെറ്റും അലമാരയും കസേരകളും മേശകളുമടക്കം സകലതും അടിച്ചു തകര്‍ത്തു. സംഭവത്തിന്‌ പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കരോള്‍ കഴിഞ്ഞ് സംഘത്തിലെ ഒരു കുട്ടിയെ വീട്ടിലാക്കാന്‍ പോകുന്ന വഴിയാണ് പുരോഹിതന് മര്‍ദ്ദനമേറ്റത്. ഹിന്ദുമത വിശ്വാസികളായ ഈ കുട്ടിയുടെ കുടുംബം അടുത്തിടെ ക്രിസ്ത്യന്‍ മതം സ്വീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആക്രമണം നടത്തിയത്. ‘നീ മതപരിവര്‍ത്തനം നടത്തും അല്ലേടാ ‘ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് പുരോഹിതന്‍ ലോറന്‍സ് നെയ്യാര്‍ഡാം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പുരോഹിതന്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button