കൊച്ചി നഗരത്തെ നടുക്കിയ വന്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ ആരെന്ന് വ്യക്തമായതായി പൊലീസ് സംഘം
കൊച്ചി : തുടര്‍ച്ചയായ ദിവസങ്ങളില്‍ തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ അക്രമിച്ച് കവര്‍ച്ച നടത്തിയത് ഉത്തരേന്ത്യയില്‍ നിന്നുള്ള കുപ്രസിദ്ധ കവര്‍ച്ചാസംഘമായ ചൗഹാന്‍ ഗ്യാങ്ങാണെന്ന് സംശയം. സംഘത്തലവനായ വികാസ് ഗോഡാജി ചൗഹാനെ കണ്ടെത്താന്‍ പൊലീസ് ശ്രമം ശക്തമാക്കി. ഇയാളെ തേടി പൊലീസ് സംഘം മഹാരാഷ്ട്രയിലെത്തി. 2009ല്‍ ചൗഹാന്‍ ഗ്യാങ് തിരുവനന്തപുരം കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നു.
കവര്‍ച്ച നടന്ന സ്ഥലങ്ങളും മോഷണരീതിയും പരിശോധിച്ചശേഷം നഗരത്തിലെ പൊലീസുകാര്‍ക്ക് ഐജി അയച്ച അടിയന്തര സര്‍ക്കുലറിലാണ് ചൗഹാന്‍ ഗ്യാങ്ങിന്റെ സൂചന നല്‍കിയിട്ടുള്ളത്. ഇവിടെ നടന്ന കവര്‍ച്ചകള്‍ക്കു സമാനമായാണ് തിരുവനന്തപുരത്തു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആ സംഭവത്തിലെ പ്രതികള്‍ മഹാരാഷ്ട്രയിലെ പുണെയില്‍നിന്നുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവീണ്യമുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്.
ഇവരെക്കുറിച്ചുള്ള അന്വേഷണത്തിലാണു വികാസ് ഗോഡാജി ചൗഹാന്‍ എന്നയാളെക്കുറിച്ച് പൊലീസ് മനസ്സിലാക്കിയത്. അന്ന് ഇയാളെ അറസ്റ്റ് ചെയ്തശേഷം മഹാരാഷ്ട്ര പൊലീസിന് കൈമാറുകയായിരുന്നു. ഏഴു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ ഇപ്പോഴും ജയിലിലുണ്ടോ എന്ന് ഉറപ്പാക്കാനാണു പൊലീസ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയിലെ ജയിലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനാണ് പൊലീസ് സംഘം അവിടേയ്ക്കു പോയിട്ടുള്ളത്.
ട്രെയിനില്‍വന്ന് കൊള്ള നടത്തിയശേഷം ട്രെയിനില്‍ത്തന്നെ കടന്നുകളയുന്നതാണ് ഇവരുടെ രീതി. ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍, അനായാസം മോഷ്ടാക്കളിലേക്ക് എത്തുക സാധ്യവുമല്ല. വികാസ് ഗോഡാജി ചൗഹാനോ അയാളുടെ സംഘമോ ശിഷ്യരിലാരെങ്കിലുമോ ആയിരിക്കും കേരളത്തിലെ മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലാണു പൊലീസ്.
കവര്‍ച്ചയ്ക്കു പിന്നിലെ ‘പ്രഫഷണല്‍ സംഘം’
ഉത്തരേന്ത്യയില്‍നിന്നുള്ള സംഘം കവര്‍ച്ചയ്ക്കു ശേഷം നാട്ടിലേക്കു ട്രെയിനില്‍ മടങ്ങിയെന്ന സൂചന പൊലീസിനു ലഭിച്ചിരുന്നു. കവര്‍ച്ച നടത്തേണ്ട വീടുകള്‍ കണ്ടെത്താന്‍ സംഘത്തിനു നഗരത്തിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നും സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നൂറിലധികം ഇതര സംസ്ഥാനക്കാരുടെ വിരലടയാളം ശേഖരിച്ചു.
വ്യവസായ പ്രമുഖന്റെ എറണാകുളം പുല്ലേപ്പടിയിലെ ബന്ധുവീട്ടില്‍ മോഷ്ടാക്കള്‍ കയറിയതു വലിയ കവര്‍ച്ച ലക്ഷ്യമിട്ടാണ്. എന്നാല്‍, വീട്ടില്‍ പ്രതീക്ഷിച്ചതിലധികം ആളുണ്ടായിരുന്നതിനാല്‍ പദ്ധതി പാളി. അഞ്ചു പവന്‍ മാത്രമാണു ലഭിച്ചത്. ഇതേത്തുടര്‍ന്നാണു തൊട്ടടുത്ത ദിവസം എരൂരില്‍ കവര്‍ച്ചയ്ക്കു പദ്ധതിയിട്ടത്. 54 പവനും 20,000 രൂപയും ലഭിച്ചതോടെ സംഘം ലക്ഷ്യം പൂര്‍ത്തീകരിച്ചു മടങ്ങിയെന്നാണു നിഗമനം. ഇരുവീടുകളും മുന്‍കൂട്ടി തന്നെ കവര്‍ച്ചയ്ക്കായി അടയാളപ്പെടുത്തിയെന്നു പൊലീസ് കരുതുന്നു. തദ്ദേശീയരായ സംഘമായിരുന്നു കവര്‍ച്ചയ്ക്കു പിന്നിലെങ്കില്‍, പുല്ലേപ്പടിയിലെ ആദ്യ കവര്‍ച്ചയ്ക്കു ശേഷം പൊലീസിനെ ഭയപ്പെട്ടു രണ്ടാമത്തേതില്‍നിന്നു പിന്തിരിയുമായിരുന്നു.
വീടുകള്‍ കണ്ടെത്താന്‍ ഇവിടെ പരിചയമുള്ള ഏതെങ്കിലുമൊരാളോ സംഘമോ സഹായിച്ചിട്ടുണ്ടാകുമെന്ന സൂചന ശക്തമാണ്. പുല്ലേപ്പടിയിലെ വീട്ടില്‍ കവര്‍ച്ചയ്ക്കു തലേന്ന്, ആക്രി പെറുക്കാനുണ്ടോ എന്നു തിരക്കി രണ്ടുപേര്‍ എത്തിയിരുന്നു. രണ്ടാമതു കവര്‍ച്ച നടന്ന എരൂരിലെ വീട്ടില്‍ ദിവസങ്ങള്‍ക്കു മുന്‍പ് കിടക്കവിരി വില്‍ക്കാനായി ചിലര്‍ എത്തിയിരുന്നു. രണ്ടിടത്തും ഈ സമയം വീട്ടിലെ വയോധികര്‍ മാത്രമാണുണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ വഴിക്കും പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
Post Your Comments