ചെന്നൈ: ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകുന്നത് സ്ത്രീ-പുരുഷ അനുപാതം കുറഞ്ഞതിനാലോ പുരുഷന്‍മാരുടെ ലൈംഗിക ദാരിദ്ര്യം കാരണമാണോ എന്ന് ഹൈക്കോടതി ആരാഞ്ഞു. മതപരവും സദാചാരപരവുമായ വിലക്കുകള്‍ കാരണം പുരുഷന്‍മാര്‍ അനുഭവിക്കുന്ന ലൈംഗിക ദാരിദ്ര്യമാണോ ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്ന് ഹൈക്കോടതി ആരാഞ്ഞു.
വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും ദേശീയ വനിതാ കമ്മീഷനോടും മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ജനുവരി പത്തിനകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ലൈംഗികാതിക്രമം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും വ്യക്തിയുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കുന്ന കാര്യവുമാണെന്നും കോടതി നിരീക്ഷിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും പെരുകി വരികയാണെന്ന് ജസ്റ്റിസ് എന്‍ കിരുബകന്‍ നിരീക്ഷിച്ചു.
അറുപത് വയസുകാരിയായ മാനസികരോഗിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളായ ആന്‍ഡ്രൂസ്, പ്രഭു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇരുവരുടെയും ജാമ്യഹര്‍ജി കോടതി തള്ളി. പ്രതികള്‍ മനുഷ്യരെന്നോ മൃഗങ്ങളെന്നോ വിളിക്കപ്പെടാന്‍ അര്‍ഹരല്ലെന്ന് കോടതി നിരീക്ഷിച്ചു. മൃഗങ്ങള്‍ പോലും ഇതിലും മാന്യമായി പെരുമാറുന്നവരാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Post Your Comments