Latest NewsNewsGulf

സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ രണ്ടു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ സനയും, ഷമീമും നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•രണ്ടു വർഷത്തിലധികം നീണ്ട അസാധാരണമായ നിയമപോരാട്ടം ജയിച്ച്, സഹോദരിമാരായ സന സുൽത്താനയും ഷമീം സുൽത്താനയും നാട്ടിലേയ്ക്ക് മടങ്ങുമ്പോൾ, അത് നവയുഗം സാംസ്‌കാരികവേദിയ്ക്കും, ഇന്ത്യൻ എംബസ്സിയ്ക്കും, സാമൂഹ്യപ്രവർത്തകർക്കും അഭിമാനകരമായ ഒരു വിജയമായി മാറി.

മൂന്നുവർഷം മുൻപാണ് ഹൈദരബാദ് സ്വദേശിനികളായ സനയും, ഷമീമും ബ്യൂട്ടിഷൻ വിസയിൽ ഖത്തീഫിലെ ഒരു ബ്യൂട്ടിപാർലറിൽ ജോലിയ്ക്ക് വന്നത്. എന്നാൽ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവിടെ അവർക്ക് നേരിടേണ്ടി വന്നത്. ആ പാർലർ ഉടമയായ സ്ത്രീ വളരെ ക്രൂരമായാണ് ഇവരോട് പെരുമാറിയിരുന്നത്.മതിയായ ഭക്ഷണമോ വിശ്രമമോ ലഭിച്ചില്ല. നീണ്ട ജോലിസമയം കഴിഞ്ഞാൽ, അവരെ മുറിയ്ക്കുള്ളിൽ പൂട്ടിയിടുമായിരുന്നു. വീട്ടിലേയ്ക്ക് ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ല. ജോലി ശരിയായില്ല എന്ന് പറഞ്ഞു പലപ്പോഴും മർദ്ധിയ്ക്കുക വരെ ചെയ്‌തെന്ന് പാവപ്പെട്ട ഈ സഹോദരിമാർ പറയുന്നു.

മാനസിക പീഡനം സഹിയ്ക്കാനാകാതെ വന്നപ്പോൾ ഒരു ദിവസം ഷമീം കൈത്തണ്ട മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു.രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചപ്പോൾ, വിവരമറിഞ്ഞു അവിടെയെത്തിയ ഖത്തീഫ് പോലീസ് കേസ് ചാർജ്ജ് ചെയ്തു. പോലീസുകാർ നവയുഗം ജീവകാരുണ്യപ്രവർത്തകയും ഇന്ത്യൻ എംബസ്സി വോളന്ടീറുമായ മഞ്ജു മണിക്കുട്ടനെ വിളിച്ചു വരുത്തി, ഈ കുട്ടികളുടെ ചുമതല ഏൽപ്പിച്ചു.

സ്പോൺസറുമായി നവയുഗം ജീവകാരുണ്യപ്രവർത്തകർ സംസാരിച്ചെങ്കിലും, അവർ സഹകരിയ്ക്കാൻ തയ്യാറായില്ല. മഞ്ജു പിറ്റേന്ന് തന്നെ ഇവരെക്കൊണ്ട് ദമ്മാം ലേബർ കോടതിയിൽ സ്പോണ്സർക്കെതിരെ പരാതി നൽകി. ഇവർക്കെതിരെ സ്പോൺസർ ഖത്തീഫ് ലേബർ കോടതിയിൽ എതിർപരാതിയും നൽകി. ഏറെ നീണ്ടു നിന്ന നിയമപോരാട്ടത്തിന്റെ തുടക്കം അവിടെയായിരുന്നു.

താഴെത്തട്ടിലുള്ള കോടതികൾ ഈ സഹോദരിമാർക്ക് അനുകൂലമായി വിധി പറഞ്ഞപ്പോഴെല്ലാം, സ്പോൺസർ വാശിയോടെ മേൽക്കോടതികളിൽ അപ്പീൽ ഫയൽ ചെയ്തത് കാരണമാണ് കേസ് നീണ്ടു പോയത്. എന്നാൽ ഉപരിക്കോടതികളും കീഴ്ക്കോടതിയുടെ വിധി ശരി വെയ്ക്കുകയാണ് ചെയ്തത്. ഒടുവിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമയുദ്ധം പൂർത്തിയായപ്പോൾ, ഇവർക്ക് ഫൈനൽ എക്സിറ്റും, കുടിശ്ശികയായ ശമ്പളവും നൽകി തിരിച്ചയയ്ക്കാൻ സ്പോൺസർ നിർബന്ധിതനായി.

കഴിഞ്ഞ രണ്ടു വർഷവും നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെയാണ് ഇവർ കഴിഞ്ഞത്. നവയുഗം ജീവകാരുണ്യപ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, ഷാജി മതിലകം, ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർക്ക് പുറമെ എംബസ്സി ഉദ്യോഗസ്ഥരായ ജോർജ്ജ്, ലിയാഖത്ത് അലി, എംബസ്സി വോളന്റീർ ടീം നേതാക്കളായ എബ്രഹാം വലിയകാല, സഹീർ മിർസ ബൈഗ്, സാമൂഹ്യപ്രവർത്തകൻ കമാൽ കളമശ്ശേരിയും കുടുംബവും, ദമ്മാം ഗ്രാൻഡ് മാർട്ട്, ലുലു കോബാർ, താര സൂപ്പർമാർക്കറ്റ് എന്നിവരും, ഈ സഹോദരിമാരുടെ കേസിൽ പല ഘട്ടങ്ങളിൽ നിയമപരമായും, സാമ്പത്തികമായും നവയുഗത്തെ സഹായിച്ചിട്ടുണ്ട്.

എല്ലാ നിയമനടപടികളും പൂർത്തിയാക്കി, ഭാവിയെക്കുറിച്ചുള്ള ആശങ്കകളോടെ രണ്ടു സഹോദരിമാരും ഹൈദരാബാദിലേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button