ഹുബ്ബള്ളി•സംസ്ഥാന ഖനി-ഭൂഗര്‍ഭശാസ്‌ത്ര മന്ത്രി വിനയ് കുല്‍ക്കര്‍ണിയുടെ അടുപ്പക്കാര്‍ കൊലപ്പെടുത്തിയ ബി.ജെ.പി ധര്‍വാദ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയുടെ ഭാര്യ മല്ലമ്മ കോണ്‍ഗ്രസില്‍ ചേരുന്നു. ശനിയാഴ്ചയാണ് മല്ലമ്മ ഇതുസംബന്ധിച്ച
പ്രഖ്യാപനം നടത്തിയത്.
അമ്മായി അച്ഛന്‍, ഭര്‍ത്താവിന്റെ സഹോദരന്‍, ഏതാനും ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ക്കെതിരെ മല്ലമ്മ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ കൊലയാളികള്‍ക്കെതിരെ നടപടി വേണമെന്ന് മല്ലമ്മ പരാതിയില്‍ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച രാത്രി മുതല്‍ മല്ലമ്മയെ കാണാതായിരുന്നു. തുടര്‍ന്ന് മല്ലമ്മയെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിക്കൊണ്ടുപോയതാണെന്ന് അഭ്യൂഹവും പരന്നിരുന്നു. മല്ലമ്മയെ കോണ്‍ഗ്രസില്‍ ചേര്‍ക്കാന്‍ കുല്‍ക്കര്‍ണി ശ്രമിക്കുന്നതായി മല്ലമ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പക്ഷേ, മല്ലമ്മ ശനിയാഴ്ച ബംഗളൂരുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
കോണ്‍ഗ്രസുകാര്‍ തന്നെ തട്ടിക്കൊണ്ട് പോയെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ മല്ലമ്മ തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളും ചില ബി.ജെ.പി നേതാക്കളും തന്നെ ഉപദ്രവിക്കുന്നതായും ആരോപിച്ചു.
തന്റെ ഭര്‍ത്താവിന്റെ മരണം ഇവര്‍ രാഷ്ട്രീയ വത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മല്ലമ്മ, തന്നെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്നും ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും പറഞ്ഞു.
തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഭര്‍ത്താവിനെ കൊന്നവരെ കണ്ടുപിടിച്ച് തനിക്ക് നീതി ലഭ്യമാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മല്ലമ്മ പറഞ്ഞു. തന്നില്‍ ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമേ ഗ്രാമത്തിലേക്ക് മടങ്ങുകയുള്ളൂവെന്നും അദ്ദേഹം പിതാവിനെ പോലെയാണെന്നും മല്ലമ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ മല്ലമ്മയെ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. യോഗേഷ് ഗൗഡയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും ഷെട്ടാര്‍ ആവശ്യപ്പെട്ടു.
Post Your Comments