
അഭിനന്ദനങ്ങളും അംഗീകാരങ്ങളും നേടി തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനവും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരവുമായി മോഹന്‍ലാല്‍ എന്ന നടന് ഇന്നും നിറഞ്ഞു നില്ക്കുന്നു. അഭിനയ ലോകത്ത് പകരം വയ്ക്കാനില്ലാത്ത ഈ നടന്റെ പിന്നാലെ പല വിവാദങ്ങളും ഉണ്ടായിരുന്നു. രാഷ്ട്രീയവും അഭിപ്രായവും എല്ലായിപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. മോഹന്‍ലാല്‍ എന്ന നടന്റെ പേരില്‍ ഉയര്‍ന്ന ചില വിവാദങ്ങളിലൂടെ കണ്ണോടിക്കാം.
മോഹന്‍ലാലിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ആയത് ഒരു മദ്യ ബ്രാൻഡിന്റെ പരോക്ഷ പ്രചരണത്തിനായി ഒരു ടെലിവിഷൻ പരസ്യത്തിൽ താരം അഭിനയിച്ചതാണ്. ഈ പരസ്യവും, പരസ്യത്തിൽ ഉപയോഗിച്ച ‘വൈകീട്ടെന്താ പരിപാടി’ എന്ന വാചകവുമാണ് പിന്നീട് വിവാദത്തിൽ മുങ്ങിയത്. ആദ്യം വിവാദവുമായി രംഗത്തെത്തിയത് ഗാന്ധി സേവാ സമിതിയാണ്. മദ്യത്തിനെതിരായി ധാരാളം പേർ പ്രവർത്തിക്കുന്ന കേരളത്തിൽ, മോഹൻലാലിനെ പോലൊരു വ്യക്തി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് തെറ്റാണെന്ന് ഇവർ വാദിച്ചു. പക്ഷേ രാജ്യത്ത് ധാരാളം നടീനടന്മാർ ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ എനിക്കെതിരേ മാത്രം തിരിയുന്നത് ശരിയല്ലെന്നായിരുന്നു ലാലിന്റെ വാദം.
രണ്ടായിരത്തിപ്പത്തിൽ അമ്മയും തിലകനും ആയി ഉണ്ടായ തര്‍ക്കം മോഹന്‍ലാലും സുകുമാര്‍ അഴീക്കോടും തമ്മിലുള്ള വാഗ്യുദ്ധത്തിനു കാരണമായി. പ്രായമായിട്ടും മറ്റുള്ളവർക്ക് വേണ്ടി ഒഴിഞ്ഞു നൽകുന്നില്ല എന്നതായിരുന്നു അഴീക്കോടിന്റെ പ്രധാന വാദം. ജ്യേഷ്ഠസഹോദരന്റെ സ്വത്ത് മോഹൻലാൽ തട്ടിയെടുത്തു, ലഫ്റ്റനന്റ് കേണൽ പദവി മോഹൻലാൽ ദുരുപയോഗം ചെയ്തു എന്നൊക്കെയും അഴീക്കോട് ആരോപിച്ചിരുന്നു. മറുപടിയിൽ അഴീക്കോടിനെ മോഹൻലാൽ പ്രായമായ അമ്മാവൻ എന്നു വിളിച്ചതും ചർച്ചയായിരുന്നു.
അടുത്തത് ആനക്കൊമ്പ് വിവാദം ആയിരുന്നു. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ചെറുതൊന്നുമല്ല. സമീപകാലത്ത് മോഹന്‍ലാലിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ച ഒരു സംഭവമാണ് ലാലിസം. സംഗീത സംവിധായകന് രതീഷ് വേഗയ്ക്കൊപ്പം ആരംഭിച്ച ലാലിസം എന്ന മ്യൂസിക് ബാന്റ് ദേശീയ ഗെയിമിന്റെ ഉദ്ഘാടന ദിവസം ആദ്യ ഷോ നടത്തി. എന്നാല്‍ കൃത്യമായ ആസൂത്രണമില്ലാതെ അരങ്ങേറിയ ഷോ വലിയ പരാജയമായി തീര്‍ന്നു. ഇതും വന്‍ വിവാദമായി.
മോഹന്‍ലാലിന് ലെഫ്. കേണല്‍ പദവി കൊടുത്തതിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ട് മൂന്ന് പട്ടാള ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരു നടനെ കേണലായി അംഗീകരിച്ചത് ശരിയായില്ലെന്ന് പലരും വിമര്‍ശിച്ചു.
Post Your Comments