ജിദ്ദ: ഡ്രൈവര്‍ ജോലിക്കു വേണ്ടി സൗദിയിലെത്തി പിന്നീട് ആടു ജീവിതം നയിക്കേണ്ടി വന്ന മലയാളിക്കു മോചനം. തിരുവനന്തപുരം പാലോട് സ്വദേശി സനല്‍ കുമാറിനാണ് നരകജീവിതത്തില്‍ നിന്നും മോചനം ലഭിച്ചത്. ഇന്ത്യന്‍ എംബസി ഇടപെട്ട കാരണമാണ് മോചനം സാധ്യമായത്. കിഴക്കന്‍ സൗദിയില്‍ കുവൈത്ത് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഖഫ് ജിയ്ക്കു സമീപം നാരിയയിലെ മരുഭൂമിയില്‍ ദുരിത ജീവിതം നയിച്ചു വരികയായിരുന്നു സനല്‍ കുമാര്‍. ഇവിടെ നാലു വര്‍ഷമായി ഒട്ടകങ്ങളെ നോക്കുന്ന ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
കുവൈത്ത് സ്വദേശിയായ സ്പോണ്‍സര്‍ ഒരിക്കലും സനലിനെ നാട്ടിലേക്ക് അയ്ക്കാന്‍ സമ്മതിച്ചിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറി. ഇതോടെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. അംബാസഡര്‍ അഹമ്മദ് ജാവേദ്, വെല്‍ഫെയര്‍ കോണ്‍സല്‍ അനില്‍ നോട്ടിയാല്‍ ഖഫ് ജിയിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക് വൊളന്റിയര്‍ അബ്ദുല്‍ ജലീലില്‍ എന്നിവരാണ് സനലിന്റെ മോചനത്തിനു ചുക്കാന്‍ പിടിച്ചത്. ഇതോടെ സ്പോണ്‍സര്‍ക്ക് എക്സിറ്റിന് സമ്മതിക്കേണ്ടതായി വന്നു.
ഹൗസ് ഡ്രൈവര്‍ വിസയിലാണ് സനല്‍ കുമാര്‍ സൗദിയിലെത്തിയത്. 2013 ല്‍ എത്തിയ കാലം മുതല്‍ ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലിയാണു സ്പോണ്‍സര്‍ ഇദ്ദേഹത്തിനു നല്‍കിയത്. കൊടും മരുഭൂമിയില്‍ ആവശ്യത്തിനു ഭക്ഷണമോ മറ്റു സൗകര്യങ്ങളോ നല്‍കാന്‍ പോലും സ്പോണ്‍സര്‍ തയാറിയിരുന്നില്ല. ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവിലെ നജീബിനെ പോലെ ദുരിത ജീവിതം നയിച്ചു വന്ന സനല്‍ കുമാര്‍ ദമാമില്‍നിന്നു ഷാര്‍ജ വഴിയുള്ള വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയതായി എംബസി വ്യക്തമാക്കി.
Post Your Comments