Complete ActorLalisam

‘രവീന്ദ്ര സംഗീതത്തിലെ ലാല്‍ നടനം’

സംഗീതം വിരിക്കുന്ന ഒരു മായിക ലോകമുണ്ട്. അതിലേക്കു ആവാഹിക്കുന്ന ഒരു നടനിലെ നടനം അപൂര്‍വ്വ ചാരുതയുള്ളതാകണം. രവീന്ദ്ര സംഗീതം സിനിമയില്‍ പടരുമ്പോള്‍ അതില്‍ തീ ജ്വാലയായി മാറി അഭിനയം അസാധ്യമാക്കാറുള്ള നടന്‍റെ പേര് എപ്പോഴും ‘മോഹന്‍ലാല്‍’ എന്ന് തന്നെയാണ്. ശാസ്ത്രീയവും, ഫാസ്റ്റ് സോങ്ങും, മെലഡിയും അങ്ങനെ ഏതു രവീന്ദ്ര ഈണത്തിനു മുന്നിലും ഈ നടന്‍റെ അഭിനയ പ്രസക്തി വളരെ വലുതാണ്‌.

‘ഹിസ്‌ ഹൈനസ്സ് അബ്ദുള്ള’

സിബി മലയില്‍ – ലോഹിതദാസ് കൂട്ടുക്കെട്ടില്‍ പിറന്ന ഈ സിനിമയില്‍ രവീന്ദ്ര സംഗീതം മഴവില്ലഴക് പോലെ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു കിടക്കുന്നു. അതിനനുസരിച്ചുള്ള അഭിനയം വിസ്മയമാക്കി മോഹന്‍ലാലും നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു നടനിലെ സൂക്ഷ്മ ഭാവങ്ങളെ പോലും തുറന്നെടുക്കാന്‍ കഴിയുന്നത്ര ജ്വാലയുണ്ട് സംഗീതത്തിന്. രവീന്ദ്രന്‍ മോഹന്‍ലാലിലെ നടന ചാരുതയെ തന്‍റെ സംഗീതം ചേര്‍ത്തു കൂടുതല്‍ അഴകാക്കി മാറ്റാറുണ്ട്. ലോഹിതദാസ് എഴുതി നല്‍കിയ കഥാ സന്ദര്‍ഭങ്ങളും, രവീന്ദ്ര ഈണവും മോഹന്‍ലാലിലെ അഭിനയ മേന്മയും എല്ലാം കൂടി ഒരുമിച്ചു വിടര്‍ന്നപ്പോള്‍ ഹിസ്‌ ഹൈനസ്സ് അബ്ദുള്ളയിലെ ഓരോ ഗാനങ്ങള്‍ക്കും പ്രേക്ഷക സ്വീകാര്യത വലിയ അളവില്‍ വര്‍ദ്ധിച്ചു. ദേവസഭാതലവും, പ്രമദവനവുമൊക്കെ ഹൃദയത്തിലേക്ക് ഇപ്പോഴും നിറഞ്ഞു ഒഴുകുകയാണ്. കണ്ടാലും, കേട്ടാലും കൊതി തീരാതെ ഹൃദയത്തിലങ്ങനെ വിശ്രമിക്കുന്ന ഈണങ്ങളാണ് ഇവയെല്ലാം.

‘ഭരതം’

സംഗീത പ്രധാന്യത്താല്‍ പറഞ്ഞ മറ്റൊരു സിബി മലയില്‍ – ലോഹിതദാസ് സിനിമയാണ് ‘ഭരതം’. രവീന്ദ്ര ഗാനങ്ങളില്‍ അതിശയം സൃഷ്ടിക്കാന്‍ മോഹന്‍ലാല്‍ എന്ന നടന് വീണ്ടും ഭാഗ്യം കിട്ടിയ സിനിമ. രവീന്ദ്ര സംഗീതവും, മോഹന്‍ലാലിലെ അഭിനയ കാന്തിയും അടര്‍ത്തി എടുത്തു മനസ്സിലേക്ക് തിരുകി ചേര്‍ത്ത സിനിമയായിരുന്നു ‘ഭരതം’. സ്വരം നന്നായവനും, നന്നല്ലാത്തവനും വെറുതെ ഒന്ന് മൂളാന്‍ ഒരുപാട് ആഗ്രഹം തോന്നുന്ന മനോഹര ഈണങ്ങളില്‍ മുക്കിയെടുത്ത സിനിമ. ആ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡിന്‍റെ പ്രാകാശം മോഹന്‍ലാല്‍ എന്ന നടനില്‍ ഭദ്രമായി നിലയുറപ്പിച്ചതും മറ്റൊരു സവിശേഷതയാണ്. ‘രാമകഥ ഗാനലയം’,
‘ശ്രീ വിനായകം’, ‘രഘുവംശ പദേ പരിപാലയമാം’, ‘ഗോപാങ്കനേ’ അങ്ങനെ പാട്ടുകളുടെ ഒരു നിര തന്നെ വശ്യ സുന്ദരമായി ഇന്നും കാതില്‍ പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്. ഇതിലൊക്കെ ഗാന ഗന്ധര്‍വന്‍റെ ശബ്ദം അലിഞ്ഞു ചേരുമ്പോള്‍ രവീന്ദ്ര സംഗീതം വര്‍ണിക്കാന്‍ കഴിയാത്തത്ര അളവില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

‘കമലദളം’

വീണ്ടും സംഗീത പെരുമ പ്രേക്ഷകരില്‍ നിറച്ചു ചേര്‍ക്കാന്‍ സിബിമലയിലും- ലോഹിതദാസും എത്തി. കൂട്ടിനു രവീന്ദ്ര ഈണവും,ലാല്‍ നടനവും തന്നെയാണ് പ്രേക്ഷകര്‍ക്ക് ആവേശമായത്. സംഗീതം കൊണ്ട് ഒരു നടനിലെ പൂര്‍ണതയെ ഇത്രത്തോളം ആവാഹിച്ചെടുത്ത മറ്റൊരു സിനിമയുണ്ടാവില്ല.
പാട്ടിലെ സൗന്ദര്യം തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയില്‍ മിന്നുന്നുണ്ട്.
‘ആനന്ദ നടനം ആടിനാന്‍’, ‘പ്രേമോധാരനായി അണയൂ നാഥാ’, ‘സായന്തനം ചന്ദ്രികാ ലോലമായ്‌’, ഈ പാട്ടുകളുടെയൊക്കെ മിന്നല്‍ പ്രകാശം ഹൃദയത്തിലേക്ക് ഇന്നും ആഴ്ന്നിറങ്ങി കൊണ്ടിരിക്കുന്നു. നടനവും, നാട്യവും, ഈണവും മോഹന്‍ലാലില്‍ സമ്മേളിക്കുമ്പോള്‍ അതിനു കമലദളം പോലെ ഭംഗി കൈവരുന്നുണ്ട്.

‘വിഷ്ണു ലോകം’

കമല്‍ – ടി.എ റസാക്കിന്‍റെ കൂട്ടുകെട്ടില്‍ പിറന്ന സിനിമയാണ് ‘വിഷ്ണു ലോകം’. ‘കസ്തൂരി എന്‍റെ കസ്തൂരി’ എന്ന അടിച്ചു പൊളി വ്യത്യസ്ഥ ഗാനമാണ് രവീന്ദ്രന്‍ ഈ സിനിമയില്‍ തുറന്നിട്ടിരിക്കുന്നത്. മോഹന്‍ലാലിന്‍റെയും, ഉര്‍വശ്ശിയുടെയും ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് ശ്രദ്ധേയമായ ഗാനം. പാട്ടുകളില്‍ പല വിധ ഭംഗി ഉള്‍ക്കൊള്ളിക്കാന്‍ രവീന്ദ്രന്‍ എന്ന സംഗീത സംവിധായകന് അനായാസം കഴിയാറുണ്ട്. ‘മിണ്ടാത്തതെന്തേ കിളി പെണ്ണെ നിന്നുള്ളില്‍’ കാതോര്‍ക്കാന്‍ തോന്നുന്ന ഈ മെലഡിയുടെ ഈണവും രവീന്ദ്രന്‍ ഭംഗിയായി വരച്ചു ചേര്‍ക്കുന്നുണ്ട്. അതിലൊക്കെ മോഹന്‍ലാല്‍ എന്ന നടനം പൂര്‍ണതയുടെ അഭിനയ ജ്വാലയായി മാറുന്നുണ്ട്.

‘കളിപ്പാട്ടം’

വേണുനാഗവള്ളി രചനയും സംവിധാനവും ചെയ്ത സിനിമയായിരുന്നു ‘കളിപ്പാട്ടം’. ഇതിലെ രവീന്ദ്ര സംഗീതം വളരെ ലളിതമായിരുന്നു. മനസ്സിനെ ഈറനണിയിക്കുന്ന വരികളില്‍ ഉള്ളു പൊള്ളിക്കുന്ന സംഗീതം രവീന്ദ്രന്‍ പുരട്ടിയിരിക്കുന്നു. മോഹന്‍ലാലിലെ അഭിനയ ചാരുത കൂടി പൊഴിയുമ്പോള്‍ ഇതിലെ പാട്ടുകള്‍ക്ക് അതീവ ഭംഗി പ്രകടമായി. ‘കളിപ്പാട്ടമായി കണ്മണീ’,’ചാച്ചിക്കോ ചാച്ചിക്കോ കൊഞ്ചി കൊഞ്ചി’, ‘മൊഴി അഴകും’, എന്നീ പാട്ടുകളിലെല്ലാം രവീന്ദ്ര സംഗീതത്തിന്‍റെ മാസ്മരികത തുളുമ്പി നില്‍ക്കുന്നുണ്ട്. ഈ സംഗീതത്തിലൊക്കെ ഇത്ര ഇഴുകി ചേര്‍ന്ന് അലിയുന്ന മോഹന്‍ലാലിലെ നടനം കാണുമ്പോള്‍ ഒന്ന് മാത്രം പറയാന്‍ തോന്നുകയാണ് ഇതിലെ ഏറ്റവും നല്ല കളിപ്പാട്ടം അത് നിങ്ങളായിരുന്നു ലാലേട്ടാ

‘ആറാം തമ്പുരാന്‍’

സിനിമയിലെ തമ്പുരാന്‍ എന്ന വിളിയില്‍ വലിയ മികവുള്ള ഒരൊറ്റ ഗാനത്തിന്‍റെ വെളിച്ചം തോന്നാറുണ്ട്. ആറാം തമ്പുരാനിലെ ‘ഹരീ മുരളീവം’ എന്ന ഗാനം പ്രേക്ഷകരുടെ ഉള്ളറകളിലേക്കാണ് ഒഴുകി പോയത്. ഇന്നും ആ ഗാനം നല്‍കുന്ന ഉണര്‍വ്വ് ഉള്ളില്‍ ഉറഞ്ഞു ഇരിപ്പുണ്ട്. ദാസേട്ടന്‍റെ സ്വരത്തിനപ്പുറം മറ്റൊരു നാദം ചിന്തിക്കാന്‍ കഴിയാത്ത വിസ്മയ ഗാനം. ഹരീമുരളീരവം എന്ന ഗാനത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ അഭിനയ നിറവില്‍ ആളി പടര്‍ന്നിട്ടുണ്ട്.

‘അയാള്‍ കഥ എഴുതുകയാണ്’

കമല്‍ – ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഈ സിനിമയിലും രവീന്ദ്ര ഈണവും, മോഹന്‍ലാല്‍ നടനവും പ്രേക്ഷകര്‍ക്ക് ആകര്‍ഷകമായിരുന്നു. ‘ഏതോ നിദ്ര തന്‍’ എന്ന ഗാനം വീണ്ടും പഴയതിലേക്കുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു. മോഹന്‍ലാലിലെ അഭിനയ മൂഹൂര്‍ത്തങ്ങളും, രവീന്ദ്രനിലെ സംഗീതവും വീണ്ടും തെളിഞ്ഞത് പ്രേക്ഷകരുടെ ഇടയില്‍ ചിത്രത്തേക്കാളും വലിയ പ്രീതിയുണ്ടാക്കി.

‘വടക്കും നാഥന്‍’

സിനിമ ഗാനങ്ങളുടെ വരികളില്‍ വിസ്മയം വരച്ച ഗിരീഷ്‌പുത്തഞ്ചേരി ‘വടക്കുംനാഥന്‍’ എന്ന സിനിമയുടെ രചനക്കായി തൂലിക എടുത്തപ്പോള്‍ ഒരു പിടി സംഗീതമാണ് പ്രേക്ഷകരിലേക്ക് പൊഴിഞ്ഞു വീണത്. ‘ഗംഗേ’ എന്ന ഗാനത്തിന്‍റെ നിരൂപണ നിര്‍ണയം വാക്കുകളില്‍ വിവരിക്കാന്‍ കഴിയില്ല. അതിന്‍റെ താളത്തില്‍ നിന്ന് ഓരോ ഗാന പ്രേമിയും ഇന്നും മുക്തരായിട്ടില്ല. ഈ ഗന്ധര്‍വ ശബ്ദത്തിനു മുന്നില്‍ ഇന്നും നാം എല്ലാവരും മനസ്സും തുറന്നു ഇരിക്കുന്നു. ‘ഒരു കിളി പാട്ട്മ മൂളവേ’ എന്ന രവീന്ദ്ര സംഗീതത്തിന് മുന്നില്‍ മോഹന്‍ലാലിലെ നടനം എത്ര നിര്‍മലമായിട്ടാണ് പ്രണയിക്കുന്നത്.

സൂര്യഗായത്രിയിലെ ‘ആലില മഞ്ചലില്‍ നീയാടുമ്പോള്‍’, ഏയ് ഓട്ടോയിലെ ‘സുന്ദരി സുന്ദരി ഒന്ന്‍ ഒരുങ്ങി വാ’, അഭിമന്യുവിലെ ‘കണ്ടു ഞാന്‍ മിഴികളില്‍’ അങ്ങനെ നിരവധി വ്യത്യസ്ഥ രവീന്ദ്ര ഈണങ്ങളില്‍ മോഹന്‍ലാലിലെ അഭിനയ ശ്രേഷ്ടത വര്‍ണിക്കാന്‍ കഴിയാത്തത്ര അളവില്‍ വളര്‍ന്നു നില്‍ക്കുന്നു.  രവീന്ദ്രന്‍ എന്ന അതുല്യ സംഗീത വിസ്മയം മോഹന്‍ലാലിലെ പെരുമയുള്ള നടനത്തെ തനിച്ചാക്കിയിട്ട് പിന്നീട് എങ്ങോട്ടോക്കോ മറഞ്ഞു.

 

തയ്യാറാക്കിയത് : പ്രവീണ്‍ പി നായര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button