കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകമായ കൊച്ചിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ഇറങ്ങുന്നു. രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്ന് ഹോം മത്സരങ്ങളില്‍ സമനിലയും ആദ്യ എവേ പോരാട്ടത്തില്‍ 5-2 ന്റെ വമ്പന്‍ തോല്‍വിയും ഏറ്റുവാങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാനിറങ്ങുന്നത്. നാല് കളികളില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് നേടിയത് മൂന്ന് പോയിന്റും എട്ടാം സ്ഥാനവും. ആദ്യ പോരില്‍ ജംഷഡ്പൂരുമായി സമനില വഴങ്ങിയ നോര്‍ത്ത്ഈസ്റ്റ് രണ്ട് തോല്‍വിയും ഒരു വിജയവുമായാണ് ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ഇറങ്ങുന്നത്. നാല് കളികളില്‍ നിന്ന് നാല് പോയിന്റ് സമ്പാദ്യമുള്ള നോര്‍ത്ത്ഈസ്റ്റ് ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് പതിപ്പുകളില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായി ആറ് തവണ ഏറ്റമുട്ടിയപ്പോള്‍ മൂന്ന് ജയവും ഒരു സമനിലയും ബ്ലാസ്റ്റേഴ്സ് നേടി. രണ്ട് മത്സരങ്ങളില്‍ വടക്കുകിഴക്കന്‍മാര്‍ ജയിച്ചു.
ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകന്‍ തങ്ബോയി സിങ്തോയും വടക്കുകിഴക്ക് നിന്നുള്ള എട്ടു താരങ്ങളും ഹൈലാന്‍ഡേഴ്സിനെ നേരിടാനിറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സ് അനുകൂല ഘടകമായി കാണുന്നു. നോര്‍ത്ത്ഈസ്റ്റിന്റെ തന്ത്രങ്ങളെ പൊളിക്കാനും താരങ്ങളെ പിടിച്ചു കെട്ടാനും ഇതിലൂടെ കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ആദ്യ വിജയം നേടി എഫ്.സി ഗോവയോട് നേരിടേണ്ടി വന്ന നാണക്കേട് മറയ്ക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ്. സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്ന് കളിക്കില്ല. പരുക്കിനെ തുടര്‍ന്ന് ബെര്‍ബറ്റോവ് 20 ദിവസത്തെ വിശ്രമത്തിലാണ്.
ചുവപ്പ് കാര്‍ഡ് കണ്ടു കഴിഞ്ഞ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന സി.കെ വിനീത് ഇന്ന് ബൂട്ടുകെട്ടും. രണ്ട് ഗോളുകള്‍ നേടിയ മാര്‍ക്ക് സിഫ്നിയോസ് തന്നെ ആക്രമണം നയിക്കും. ഗോവയ്ക്ക് മുന്നില്‍ ചിന്നിച്ചിതറിയ പ്രതിരോധം കരുത്ത് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് റെനെ. ബംഗളൂരുവുമായുള്ള പോരാട്ടത്തിനിടെ കാലിന് പരുക്കേറ്റ നോര്‍ത്ത്ഈസ്റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ്നേഷ് ഇന്ന് തിരിച്ചെത്തും. ബ്രസീലിയന്‍ സ്ട്രൈക്കര്‍മാരായ ഡാനിലോ ലോപ്പസ്, മാഴ്സീഞ്ഞോ എന്നിവരാണ് നോര്‍ത്ത്ഈസ്റ്റിന്റെ പ്രതീക്ഷ. മികച്ച പ്രതിരോധവും ഹൈലാന്‍ഡേഴ്സിന്റെ കരുത്തായുണ്ട്. ഇന്ത്യന്‍ താരം നിര്‍മല്‍ ഛേത്രി, റീഗന്‍ സിങ്, പോര്‍ച്ചുഗീസ് താരം ഹോസെ ഗൊണ്‍സാല്‍വസ്, ഗ്വിനിയയുടെ സാംബിഞ്ഞോ എന്നിവരാണ് പ്രതിരോധത്തിലെ കരുത്ത്.
Post Your Comments