ഗയ: ബിഹാറില്‍ 15കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഭാര്യ രംഗത്ത്. മഹാദേവ് തനിക്ക് മകനെ പോലെയായിരുന്നു എന്നും ഭര്‍തൃവീട്ടിലെ സ്ഥാനം വീണ്ടെടുക്കാനാണ് ഭര്‍ത്താവിന്റെ അനിയനെ വിവാഹം ചെയ്തതെന്നും റൂബി ദേവി പറഞ്ഞു. ജ്യേഷ്ഠ സഹോദരന്റെ ഭാര്യയും തന്നേക്കാള്‍ 10 വയസിന് മുതിര്‍ന്നതുമായ റൂബി ദേവിയെ മഹാദേവ് കുമാര്‍ എന്ന 15 വയസുകാരന് വിവാഹം ചെയ്യേണ്ടി വന്നതാണ് ആത്മഹത്യയില്‍ കലാശിച്ചത്. വിവാഹത്തെ ശക്തമായി എതിര്‍ത്തെങ്കിലും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മഹാദേവിന് റൂബിയെ വിവാഹം ചെയ്യേണ്ടിവരികയായിരുന്നു.
മഹാദേവിന് ഏഴ് വയസുള്ളപ്പോഴാണ് ജ്യേഷ്ഠന്‍ സതീഷ് ദാസ് റൂബി ദേവിയെ വിവാഹം ചെയ്യുന്നത്. 2009ലായിരുന്നു അവരുടെ വിവാഹം. മൂന്ന് സഹോദരന്‍മാരില്‍ ഇളയവനാണ് മഹാദേവ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മഹാദേവിന്റെ അമ്മ മരിച്ചത്. അതോടെ മഹാദേവിന്റെ കാര്യങ്ങള്‍ അമ്മയുടെ സ്ഥാനത്ത് നിന്ന് റൂബിയാണ് നോക്കിയിരുന്നത്. പക്ഷെ പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
2013ല്‍ സതീഷ് ജോലിസ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരിച്ചു. സതീഷിനും റൂബിക്കും രണ്ട് കുട്ടികളാണുള്ളത്. മഹാദേവിന്റെ മറ്റൊരു സഹോദരന്‍ അപ്പോഴേക്കും വിവാഹിതനായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മഹാദേവിന്റെ പിതാവ് റൂബിയെ വിവാഹം ചെയ്യണമെന്ന് അവനോട് ആവശ്യപ്പെടാന്‍ തുടങ്ങി. സമ്മര്‍ദം താങ്ങാനാവാതെ മഹാദേവിന് റൂബിയെ വിവാഹം ചെയ്യേണ്ടി വന്നു. ഡിസംബര്‍ 11ന രാത്രിയായിരുന്നു വിവാഹം. അന്ന് രാത്രി തന്നെ മഹാദേവ് തൂങ്ങി മരിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് മഹാദേവിന്റെ സഹോദരന്‍ മനീഷ് പൊലീസില്‍ പരാതി നല്‍കി. മഹാദേവിന് ചെറുപ്രായത്തില്‍ തന്നെ വിവാഹിതനാകാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും തങ്ങളുടെ പിതാവും റൂബിയുടെ മാതാവുമാണ് വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതെന്നും പരാതിയില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രേരണയ്ക്കും കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഗയ പട്ടണത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയുള്ള വിനോബാനഗര്‍ ഗ്രാമത്തിലുള്ള ഭര്‍തൃപിതാവിന്റെ പഴയ വീട്ടിലാണ് റൂബി ഇപ്പോഴുള്ളത്. ” എന്റെ ഭര്‍ത്താവിന്റെ(സതീഷ്) മരണത്തോടെ എന്നെ ആന്റിയിലുള്ള വിശ്വന്ത്പൂര്‍ ഗ്രാമത്തിലെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു എന്റെ വീട്ടുകാരുടെ തീരുമാനം. പക്ഷെ എന്റെ ഭര്‍തൃപിതാവ് ചന്ദേശ്വര്‍ ദാസ് പറഞ്ഞു എന്റെ സ്ഥാനം എന്നും ഈ വീട്ടിലുണ്ടാകുമെന്ന്. അതിനായി മഹാദേവിന് വിവാഹപ്രായമായാല്‍ ഞങ്ങളുടെ വിവാഹം നടത്തുമെന്നും. പക്ഷെ അതില്‍ എനിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം മഹാദേവ് എനിക്ക് മകനെ പോലെയായിരുന്നു. പക്ഷെ ആ വീട്ടിലെ എന്റെ സ്ഥാനം വീണ്ടെടുക്കാന്‍ എനിക്ക് വിവാഹത്തിന് സമ്മതിച്ചേ തീരുമായിരുന്നുള്ളൂ”, റൂബി പറഞ്ഞു.
കഴിഞ്ഞ മാസം വിവാഹകാര്യം പറഞ്ഞപ്പോള്‍ മഹാദേവ് സമ്മതിച്ചിരുന്നില്ല. മഹാദേവിന് പഠിക്കണമെന്നായിരുന്നു ആഗ്രഹം. തന്നെ പിന്നീട് വിവാഹം ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ അവന് 21 വയസ് ആകുന്നത് വരെ കാത്തിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. കാരണം അപ്പോഴേക്കും എന്റെ പ്രായം കടന്നുപോകും. റൂബി കൂട്ടിച്ചേര്‍ത്തു.മാത്രമല്ല തനിക്ക് അവകാശപ്പെട്ട ഓഹരി തരാന്‍ ഭര്‍തൃപിതാവ് തയ്യാറല്ലായിരുന്നു. മഹാദേവിനെ വിവാഹം ചെയ്താല്‍ മാത്രമേ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് കിട്ടിയ നഷ്ടപരിഹാരത്തുകയില്‍ നിന്ന് തനിക്കുള്ള പങ്ക് തരൂ എന്നായിരുന്നു അയാളുടെ തീരുമാനം. സതീഷ് മരിച്ചതിനെ തുടര്‍ന്ന് 80,000 രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതില്‍ 53,000 രൂപ തരാമെന്നും പക്ഷെ മഹാദേവിനെ വിവാഹം ചെയ്യണമെന്നുമുള്ള വ്യവസ്ഥയാണ് ഭര്‍തൃപിതാവ് മുന്നോട്ട് വെച്ചതെന്ന് റൂബി വ്യക്തമാക്കി. ഇതിനൊപ്പം തന്റെ മാതാവ് മാണ്ഡൂര്‍ ദേവിയും വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയെന്നും റൂബി പറഞ്ഞു.
മഹാദേവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളെ കുറിച്ച് റൂബി പറയുന്നത് ഇങ്ങനെ: ”ഡിസംബര്‍ 11ന് സന്ധ്യക്ക് ആറ് മണിയോടെ ഞങ്ങള്‍ വിവാഹിതരായി. എനിക്ക് മുമ്പേ മഹാദേവ് വീട്ടിലെത്തി. ഞാന്‍ എത്തിയപ്പോള്‍ 8.30 ആയി. മറ്റൊരു സഹോദരഭാര്യയായ കിരണ്‍ ദേവിയുമായി മഹാദേവ് സംസാരിക്കുന്നത് കണ്ടു. മഹാദേവ് എന്നോട് സംസാരിക്കുന്നില്ലായിരുന്നു. തുടര്‍ന്ന് അവന്‍ എന്റെ മക്കളോടൊത്ത് മുറിയിലേക്ക് ഉറങ്ങാന്‍ പോയി. അര്‍ദ്ധരാത്രിയായപ്പോള്‍ എന്തോ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. നോക്കിയപ്പോള്‍ മഹാദേവ് തൂങ്ങി നില്‍ക്കുകയായിരുന്നു”.
Post Your Comments