Latest NewsKeralaNews

ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച്‌ ക്രൈംബ്രാഞ്ച്

കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച്‌ ക്രൈംബ്രാഞ്ച്. വായ്പാ തട്ടിപ്പു കേസുകളില്‍ മൊഴി നല്‍കാന്‍ ദുബായിലെ റാസല്‍ഖൈമയില്‍ നിന്നും ബാങ്കു മാനേജര്‍മാര്‍ കേരളത്തില്‍ എത്തി. റാസല്‍ഖൈമയിലെ ബാങ്കില്‍നിന്നുള്ള 10 മാനേജര്‍മാരാണ് ഇതിനായി കൊച്ചിയിലെത്തിയത്. ഇവരില്‍ ആറു പേര്‍ മലയാളികളാണ്.

മലയാളികള്‍ ഉള്‍പ്പെടെയുള്ള എന്‍ആര്‍ഐ വ്യവസായികള്‍ ദുബായിലെ പല ബാങ്കുകളില്‍നിന്നു വായ്പയെടുത്തു വഞ്ചിച്ചെന്ന കേസിലാണ് ബാങ്ക് മാനേജര്‍മാര്‍ ഇന്നു ക്രൈംബ്രാഞ്ചിനു മൊഴി നല്‍കുക. 17.88 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തിയ ദുബായില്‍ പരസ്യക്കമ്പനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശികളായ വ്യവസായികള്‍ അടക്കം നിരവധി പേര്‍ ഇതോടെ കുടുങ്ങും.

41.26 കോടി ആസ്തിയുണ്ടെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയാണു 10 ബാങ്കുകളില്‍നിന്നു വായ്പ നേടിയത്. ദുബായ് ആസ്ഥാനമായ ബാങ്കില്‍നിന്ന് 3.88 കോടി രൂപയാണ് 2014-15 കാലയളവില്‍ വായ്പ എടുത്തത്. തുക തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണു കരുവാറ്റ സ്വദേശിക്കെതിരെയുള്ള കേസ്. ഭര്‍ത്താവിനു വേണ്ടി ബാങ്കില്‍ ജാമ്യം നിന്നതിന്റെ പേരിലാണു ഭാര്യയും പ്രതിയായത്.

ഇവര്‍ നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആലപ്പുഴ കരുവാറ്റ സ്വദേശിയും ഭാര്യയുമാണു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ബിസിനസ് ആവശ്യത്തിനു വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുന്ന മാസ്റ്റര്‍ ക്രെഡിറ്റ് സംവിധാനത്തിലൂടെ പണം നേടിയ ശേഷം തിരിച്ചടയ്ക്കാതെ ബാങ്കിനെ വഞ്ചിച്ചെന്നാണു കേസ്. ഇത്രയും കേസുകളിലായി 800 കോടിയിലധികം രൂപയുടെ സാമ്പത്തിക വഞ്ചനയാണ് ആരോപിച്ചിരിക്കുന്നത്. ദുബായിലെ രണ്ടു ബാങ്കുകള്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്. ഇവയും ക്രൈംബ്രാഞ്ചിനു കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button