മനാമ: ബഹ്റൈന്റെ 46-ാം ദേശീയ ദിനം ഡിസംബര്‍ 16ന് നടക്കും. ഇതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 18-ാം വാര്‍ഷികവും കൊണ്ടാടുന്നതിനാല്‍ വിവിധ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഔദ്യോഗിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ അലങ്കാര വാഹനങ്ങള്‍ ബഹ്റൈന്‍ നഗര വീഥികള്‍ കീഴടക്കിയിരുന്നു. രാജ്യത്തെ അഞ്ച് മുനിസിപ്പാലിറ്റികളും വ്യത്യസ്തമായ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. തെരുവീഥികളെല്ലാം ബഹ്റൈന്‍ പതാകയുടെ നിറമായ ചുവപ്പും വെള്ളയും നിറത്തിലുള്ള അലങ്കാര ബള്‍ബുകളാല്‍ വര്‍ണാഭമാക്കിയിട്ടുണ്ട്.
ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ കേരളീയ സമാജവും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ദേശീയ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മജീഷ്യന്‍ മുതുകാട് അടക്കമുള്ള പ്രമുഖര്‍ ഇതിനായി ബഹ്റൈനിലെത്തിയിട്ടുണ്ട്. സമാജം കലാവിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടക്കും. ബഹ്റൈന്‍ കെ.എം.സിസി രണ്ടു കേന്ദ്രങ്ങളിലായി രക്തദാന ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ സ്‌കൂളുകള്‍, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും വിവിധ ആഘോഷ പരിപാടികളാണ് നടക്കുന്നത്.
സ്വദേശികള്‍ക്കൊപ്പം പ്രവാസികളും ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങളില്‍ സജീവമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യത്യസ്തവും ആഘര്‍ഷണീയവുമായ അലങ്കാരങ്ങളാണിപ്പോള്‍ രാജ്യത്തുടനീളമുള്ളതെന്ന് നഗരം ചുറ്റി സഞ്ചരിച്ച ഏതാനും പ്രവാസികള്‍ സുപ്രഭാതത്തോട് പറഞ്ഞു. ഷോപ്പിംങ് മാളുകളും കടകളും ദേശീയ പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ കടകളുടെ മുന്‍വശം ബഹ്റൈന്‍ പതാകകള്‍ തൂക്കിയും ചുവപ്പും വെള്ളയും കൂടിക്കലര്‍ന്ന തോരണങ്ങള്‍ തൂക്കിയും രാജ്യത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതോടൊപ്പം കസ്റ്റമേഴ്സിന്റെ ശ്രദ്ധനേടുകയും ചെയ്യുന്നുണ്ട്.
Post Your Comments