Latest NewsKeralaNewsIndia

സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ ചെലവാക്കാത്ത പണം വകമാറ്റുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകള്‍ ചെലവാക്കാത്ത പണം വകമാറ്റുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്ന 5,630 കോടി രൂപയാണ് ഇത്തരത്തില്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നത്. ഇതു സംബന്ധിച്ച ധനവകുപ്പിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഇത്രയധികം തുക ചെലവാക്കാതെ കിടക്കുന്നതു കേന്ദ്രത്തില്‍നിന്നു വായ്പ ലഭിക്കുന്നതിനു തടസമാകാതിരിക്കാനാണു നടപടി. സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കടം എടുക്കാതെ മുന്നോട്ടുപോകാന്‍ നിവൃത്തിയില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക് മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി.

ധനവകുപ്പിന്റെ കണക്കെടുപ്പില്‍ 5,630 കോടി രൂപ വിവിധ വകുപ്പുകളുടേതായി ട്രഷറി അക്കൗണ്ടുകളില്‍ ബാക്കികിടക്കുന്നെന്നു കണ്ടെത്തി. ചെലവാക്കാതെ കിടക്കുമ്പോള്‍ കടം ചോദിക്കുന്നതു കേന്ദ്രം എതിര്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണു ധനവകുപ്പ് നിര്‍ദേശം വച്ചത്. മുന്‍പ്, രണ്ടുവട്ടം കടം ചോദിച്ചപ്പോള്‍ ഇതേ കാരണം പറഞ്ഞു കേന്ദ്രം തള്ളിയിരുന്നു.സംസ്ഥാനത്തിനു വര്‍ഷം 23,000 കോടി രൂപ വരെ കടമെടുക്കാം.

ഈ വര്‍ഷം ഇതുവരെ ഏകദേശം 16,000 കോടി രൂപയാണു കടമെടുത്തത്. ഇനി 6,000 കോടിയിലേറെ കടമെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ പൊതുകടം ഒരു ലക്ഷം കോടി രൂപയായിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും അവസാന കണക്കനുസരിച്ചു കഴിഞ്ഞ ഡിസംബറില്‍ കടം 1,21,183 കോടി രൂപയായി. ഓണക്കാലത്ത് 8500 കോടി രൂപ കടമെടുത്തതോടെ ആകെ കടം 1,29,683 കോടിയായി. ഇനി ജനുവരിയിലേ കേന്ദ്രത്തില്‍നിന്നു കടമെടുക്കാന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button