കേരളത്തിലെ തീയറ്ററുകളില്‍ പുലി ഇറങ്ങിയിരിക്കുന്നു. എത്രയോ നാളുകളായി ആരാധകര്‍ കാത്തിരുന്ന കേരളത്തിന്റെ ബ്രഹ്മാണ്ഡചിത്രം എന്നവകാശപ്പെടുന്ന പുലിമുരുകന്‍ ആരാധകര്‍ എന്ത് പ്രതീക്ഷിച്ചുവോ അതെല്ലാം നിറവേറ്റിക്കൊണ്ട് എത്തിയിരിക്കുന്നു.
പ്രായം എന്നത് വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ചിലരെക്കുറിച്ച് നമ്മള്‍ പറയാറുണ്ട്. മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച് ഇത് ഒരിക്കല്‍ കൂടി പറയാതെ വയ്യ. കാരണം പുലിമുരുകന്‍ എന്ന ചിത്രത്തിലെ പേര് സൂചിപ്പിക്കും പോലെ മുരുകന്‍ ഒരു വണ്‍മാന്‍ ഷോയാണ്. മോഹന്‍ലാല്‍ എന്ന നടന്റെ ഒറ്റയാള്‍ പ്രകടനം. അസാമാന്യമായ മെയ് വഴക്കവും ടൈമിങ്ങും പൂര്‍ണ്ണതയും ഫിറ്റ്നസും ഒരുപോലെ വേണ്ട ഒരു കഥാപാത്രത്തിന് എല്ലാം വേണ്ടുന്ന അളവിലും അല്ലെങ്കില്‍ അതില്‍ കൂടുതലും നല്‍കി ഈ നടന്‍ നമ്മളെ ഒരിക്കല്‍ കൂടി അതിശയിപ്പിക്കുന്നു. തീയറ്റര്‍ വിട്ടിറങ്ങിയാലും മുരുകന്റെ ചലനങ്ങളും പ്രകടനവും നമ്മെ വിട്ടുപോകില്ല. അതുകൊണ്ട് തന്നെ പുലിമുരുകന്‍ ഒരു വിഷ്വല്‍ ട്രീറ്റാണ്. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്നര്‍.
പുലിയൂര്‍ എന്ന മലയോരഗ്രാമത്തിന്റെ കഥ. നരഭോജികളായ വരയന്‍പുലികള്‍ ഇറങ്ങുന്ന ഗ്രാമം. അതുകൊണ്ട് മാത്രം പുലിയൂര്‍ എന്ന പേര് വീണ ആധുനിക സൌകര്യങ്ങള്‍ അന്യമായ കുഗ്രാമം. ഇടയ്ക്കിടെ മനുഷ്യനെ ഇരയാക്കുന്ന പുലികളില്‍ നിന്ന് രക്ഷിക്കാന്‍ അവര്‍ ഒരാളെ തേടും. അതിന്റെ കഥയാണ് പുലിമുരുകന്‍. ചിത്രം എങ്ങനെയുണ്ട് എന്ന ഒരാളുടെ ചോദ്യത്തിനോട് മറ്റൊരു വിശേഷണവും നല്‍കേണ്ട ഒരവസ്ഥ ഈ ചിത്രത്തിന് ആവശ്യമില്ല. കഥയോ കഥാസൂചകമോ വിഷയങ്ങളോ ഒന്നും വിവരിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ പോയി ചിത്രം കാണൂ എന്ന് പറയാം. കാരണം ഇതൊരു വിഷ്വല്‍ ട്രീറ്റ് ആണ്.
പൂര്‍ണ്ണമായും സംവിധായകന്റെ സിനിമ എന്ന് വേണമെങ്കില്‍ പറയാം. വൈശാഖ് എന്ന സംവിധായകന്‍ എത്രമാത്രം ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാകും. മലയാള സിനിമക്കും സിനിമാ പ്രേക്ഷകര്‍ക്കും ഒരു പ്രത്യേകതയുണ്ട്. മലയാളമോ ഹിന്ദിയോ തമിഴോ ഇംഗ്ലീഷോ ഒക്കെ നമ്മള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും. സൂപ്പര്‍ഹിറ്റ് ആക്കി നല്‍കും. എങ്കിലും തിരികെ നമ്മുടെ സിനിമ അതിര്‍ത്തി കടന്നാല്‍ ഡബ്ബിംഗോ റീമേക്കോ വേണ്ടിവരും. അതായത് നമ്മള്‍ ഇവിടെ ഇറക്കുന്ന പണം ഈ കൊച്ചുകേരളത്തില്‍ തന്നെ ഓടി വിജയിക്കേണ്ട ഒരു സ്ഥിതിയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍ രണ്ടാമതൊന്നു ആലോചിക്കും. കാരണം ചിത്രം എത്ര നല്ലതായാലും ലോങ്ങ് റണ്ണിലൂടെ മുടക്കുമുതല്‍ തിരികെ പിടിക്കേണ്ടി വരും. പലപ്പോഴും റിസ്ക് ഫാക്റ്റര്‍ അവിടെയാണ്. അതുകൊണ്ടുതന്നെ ഒരു ബിഗ് ബജറ്റ് മൂവി ആകുമ്പോള്‍ അത്രമാത്രം ശ്രദ്ധയും വേണം. പുലിമുരുകനില്‍ ആ പ്രതീക്ഷ നിറവേറ്റിയിട്ടുണ്ട്.
ഉദയ്കൃഷ്ണ –സിബി കെ തോമസ് കൂട്ടുകെട്ടില്‍ നിന്നും ഉദയ്കൃഷ്ണ സ്വന്തമായി തിരക്കഥ എഴുതിയ സിനിമയാണിത്. തിരക്കഥയോട് ഉദയ് നീതി പുലര്‍ത്തി എന്ന് പറയണം. അതിലുപരി സംവിധായകന്റെ സിനിമയാണ് ഇത്. മലയാളത്തില്‍ ആദ്യമായാണ് ആക്ഷനും ഗ്രാഫിക്സിനും ഇത്രയും പ്രാധാന്യം നല്‍കുകയും അത് വേണ്ടപോലെ തന്നെ വിജയച്ചിരിക്കുന്നതും. മോഹന്‍ലാലിന്റെ കുട്ടിക്കാലം മുതല്‍ കാണിക്കുന്ന വരയന്‍പുലിയും ആക്ഷനും മുതല്‍ ക്ലൈമാക്സ് വരെയുള്ള ആക്ഷന്‍ സീനുകളും ഗ്രാഫിക്സും ഒന്നിനൊന്നു മെച്ചമാണ്. പ്രേക്ഷകനെ ആകാംക്ഷയില്‍ നിര്‍ത്തുന്ന ആക്ഷന്‍ സീനുകള്‍ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത് വനാന്തരങ്ങളിലാണ്. വിയറ്റ്നാം കാടുകളിലും സൌത്ത് ആഫ്രിക്ക , തായ്ലണ്ട് എന്നിവിടങ്ങളിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ സിനിമയില്‍ ദൃശ്യഭംഗികള്‍ കുറേയുണ്ട്.
എടുത്തുപറയേണ്ട വിഭാഗങ്ങള്‍ പലതുമുണ്ട് സിനിമയില്‍. ക്യാമറ ചെയ്തിരിക്കുന്നത് ഷാജികുമാര്‍ ആണ്. ആക്ഷന്‍ രംഗങ്ങളില്‍ അതെത്രമാത്രം മികച്ചതായിട്ടുണ്ടെന്നു നമുക്ക് മനസ്സിലാകും. ഗോപീ സുന്ദറിന്റെ സംഗീതം മികച്ചത് തന്നെ. ഓരോ രംഗങ്ങളിലും ഗോപി നല്‍കിയിട്ടുള്ള ബാക്ക് ഗ്രൌണ്ട് മ്യൂസിക് പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന വിധമാണ്. അത്രയും പ്രാധാന്യം ഓരോ രംഗങ്ങളിലും ഉണ്ട്. സാംജിത് മുഹമ്മദിന്റെ എഡിറ്റിങ്ങിനും നൂറു മാര്‍ക്ക് ആണ്.
ചിത്രത്തെ കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. പീറ്റര്‍ ഹെയ്ന്‍ എന്ന ഫൈറ്റ് മാസ്റ്ററെ കുറിച്ച്. ആക്ഷന്‍ സീക്വന്സുകളില്‍ അദ്ധേഹത്തിന്റെ സംവിധാനത്തില്‍ വിരിയുന്ന ചലനങ്ങള്‍ മികവുറ്റതാണ്. ഒപ്പം തന്നെ അതുപോലെ പകര്‍ത്താന്‍ മോഹന്‍ ലാല്‍ എന്ന നടന്‍ കാണിക്കുന്ന ഡെഡിക്കേഷനും എടുത്തുപറയണം. അത്രയും ആത്മസമര്‍പ്പണം ലാല്‍ ചെയ്തിട്ടുണ്ട്. ലാല്‍ ഒരുപക്ഷെ കരിയറില്‍ ഏറ്റവും കൂടുതല്‍ കാലം ഡേറ്റ് നല്‍കിയ മറ്റൊരു ചിത്രവും ഉണ്ടാകില്ല.
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ഈ ചിത്രത്തില്‍ മോശമല്ലാത്ത ഒരു താരനിര തന്നെയുണ്ട്. കമാലിനി മുഖര്‍ജി ലാലിന്റെ നായികയായി എത്തുന്നു. ജഗപതി ബാബു, നമിത , സുരാജ് വെഞ്ഞാറമ്മൂട് , ലാല്‍ , വിനു മോഹന്‍ , ബാല , ഗോപകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഇതൊക്കെയുണ്ടെങ്കിലും വേണമെങ്കില്‍ ഒഴിവാക്കാവുന്ന ചില സീനുകള്‍ ഇതിലുണ്ട്. പക്ഷെ അത് കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടി ആവണം.
ആരാധകരെ നൂറു ശതമാനം ആസ്വദിപ്പിക്കുന്ന പുലിമുരുകന്റെ സംവിധായകന്‍ വൈശാഖിന് തീര്‍ച്ചയായും കയ്യടി നല്‍കാം. ഒരു ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി – മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരുമിച്ചു ഒരേ ദിവസം റിലീസ് ചെയ്യുന്നത്. ഓരോ ചിത്രങ്ങള്‍ ഇറങ്ങുമ്പോഴും കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ന്നു വീഴുന്ന ഇക്കാലത്ത് പുലിമുരുകന്‍ തകര്‍ക്കുന്നത് എന്തൊക്കെയാണ് എന്ന് കാത്തിരുന്നു കാണാം. ഒപ്പം എന്ന സിനിമ ബ്ലോക്ക് ബസ്റ്റര്‍ ആയി ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് തുടര്‍ച്ചയായ് മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ കൂടി ചേരാന്‍ പോവുകയാണ് മോഹന്‍ലാലിന്റെ കരിയറില്‍.
ഓണത്തിനാണ് സാധാരണ പുലി ഇറങ്ങാറ്. ഇന്നിതാ ഈ നവരാത്രിക്കും കേരളത്തില്‍ പുലി ഇറങ്ങിയിരിക്കുന്നു. പുലിമുരുകന്‍ !!
Post Your Comments