വടകര: ഓര്‍ക്കാട്ടേരിയില്‍നിന്ന് കാണാതായി കോഴിക്കോട്ട് കണ്ടെത്തിയ മൊബൈല്‍ ഷോപ്പുടമയും ജീവനക്കാരിയും വാടകവീട് കേന്ദ്രീകരിച്ച് നടത്തിയത് കള്ളനോട്ടു നിർമ്മാണം. രാത്രിയിലാണ് അംജാദും പ്രവീണയും കോഴിക്കോട് ടൗണില്‍ കറങ്ങിയിരുന്നത്. ഇതിനായി മീഡിയ വണ്‍ ചാനലിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി. നിര്‍മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിര്‍മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും പോലീസ് കണ്ടെത്തി.
അംജാദിന്റെ വ്യാജപേര് അജുവര്‍ഗീസ് എന്നും മീഡിയ വണ്‍ ചാനലിന്റെ ക്യാമറാമാന്‍ ആണെന്നുമായിരുന്നു. പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോനായി. അംജാദ് ഒരു ദിവസം ബേപ്പൂരില്‍നിന്ന് സ്കൂട്ടറില്‍ വരുമ്പോള്‍ പൊലീസ് കൈകാണിച്ചു. ചാനലിന്റെ വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ചാണ് അന്ന് രക്ഷപ്പെട്ടത്. കേരള പൊലീസിന്റെ ക്രൈം സ്ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ചിത്രമാണുള്ളത്. പേര് അജ്മല്‍. വീടെടുക്കാനും മറ്റും വ്യാജ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയാ വണ്‍ ചാനലിന്റെ ഐഡികാര്‍ഡ് വ്യാജമായി ഉണ്ടാക്കി പല ആവശ്യത്തിനും ഉപയോഗിച്ചു.
കള്ളനോട്ടുകള്‍ എവിടെ നിന്നു കിട്ടിയെന്നതും പൊലീസ് പരിശോധിക്കും. മലബാറില്‍ വ്യാജ ലോട്ടറി മാഫിയ സജീവമാണ്. ഇതിന്റെ കണ്ണിയാണോ അംജദ് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ഓര്‍ക്കാട്ടേരിയിലെ ബാങ്കില്‍ നിന്നും 30ലക്ഷം രൂപം വായ്പ എടുത്തിരുന്നു. ഇതിന്റെ അടവ് മുടങ്ങുകയും ചെയ്തു. അതിന് ശേഷമാണ് ദുരൂഹതകള്‍ ഏറെയുള്ള ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നത്.കാണാതായെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്.
Post Your Comments