ദുബായ് : വിവാഹിതയായ യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ദുബായിലെ ടെലിവിഷന്‍ ഡയറക്ടര്‍ക്കെതിരെ കേസ്. 43 വയസുള്ള ലെബനീസ് പൗരനാണ് കേസില്‍ ഉള്‍പ്പെട്ടത്. ഇയാള്‍ യുവതിയുമായി പരിചയമുണ്ടായിരുന്ന സമയത്ത് എടുത്ത ചിത്രങ്ങള്‍ ഫോട്ടോഷോപ്പിലൂടെ മാറ്റി അവരുടെ ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്ത് അതിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
ചിത്രങ്ങള്‍ പലതും അശ്ലീലവും മോശം ഉദ്ദേശത്തോടെയുള്ളതും ആയിരുന്നു. ലെബനീസ് പൗരനെതിരെ ഭീഷണിപ്പെടുത്തല്‍, മാനഹാനി, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സമൂഹമാധ്യമങ്ങളെ മോശമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി. അല്‍ ഖാസിസ് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ താമസിക്കുന്ന യുവതി ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയതെന്ന് പൊലീസ് വ്യക്തമാക്കി
യുവതിയുടെ പരാതിയെക്കുറിച്ച് പൊലീസ് പറയുന്നത്: യുഎഇയില്‍ താമസിക്കുന്ന ഒരു വ്യക്തി കുറേകാലമായി ഭീഷണിപ്പെടുത്തുന്നു. മൂന്നു വര്‍ഷം മുന്‍പ് ജോലി ലഭിക്കാന്‍ തന്നെ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഇരുവരും അടുപ്പത്തില്‍ ആയപ്പോള്‍ എടുത്ത പല ചിത്രങ്ങളും ഇയാളുടെ കൈവശമുണ്ട്. രണ്ടു വര്‍ഷത്തിന് ശേഷം ഇയാള്‍ ഭീഷണിപ്പെടുത്താനും ശല്യം ചെയ്യാനും തുടങ്ങി. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതുകാരണം തന്റെ കുടുംബം തകരുകയും ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി. പ്രതിയായ വ്യക്തി വലിയ തുക ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കല്‍ പണം നല്‍കുകയും ചെയ്തു. ഇതിന്റെ രേഖകള്‍ പൊലീസിന് നല്‍കിയെന്നും യുവതി പറഞ്ഞു.
യുവതിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നകാര്യം പ്രതി സമ്മതിച്ചു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. നിരവധി ചിത്രങ്ങള്‍ ഇതില്‍ നിന്നും കണ്ടെത്തി. കേസ് വീണ്ടും 2018 ജനുവരി 30ന് പരിഗണിക്കും.
Post Your Comments