തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായധനം ഒരുമിച്ച് നൽകാൻ നടപടി സ്വീകരിക്കും. ക്ഷേമനിധി അംഗത്വമില്ലാത്തവർക്കും സഹായം നൽകും. ഓഖി ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കുമെന്നും കേന്ദ്രം എല്ലാ വിധ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുമെന്ന് പ്രതിരോധമന്ത്രി ഉറപ്പ് നൽകി.
കേന്ദ്രസംഘം ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഓഖി ദുരന്തം വിലയിരുത്തുന്നതിനായി കേന്ദ്ര സംഘത്തെ അയക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതിനായി വിവിധ വകുപ്പുസെക്രട്ടറിമാര്‍ വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരായ മാതാപിതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയും അവിവാഹിതരായ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിവാഹ ആവശ്യങ്ങള്‍ക്കായി അഞ്ച് ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായത്തില്‍ നിന്നു മാറ്റിവയ്ക്കും.
പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഉടന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments