Latest NewsKeralaNews

ഗ്രാമീണതാരങ്ങളെ കായികരംഗത്ത് പ്രയോജനപ്പെടുത്താനാവുന്ന ഇടപെടലുണ്ടാകും : മന്ത്രി എ.സി. മൊയ്തീന്‍ 

സംസ്ഥാന കേരളോത്‌സവം കായികമേളയ്ക്ക് തലസ്ഥാനത്ത് വിവിധ വേദികളില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനം വ്യവസായ-കായിക-യുവജനകാര്യമന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. അവസരങ്ങള്‍ ലഭ്യമല്ലാതെ പോകുന്ന ഗ്രാമീണമേഖലയിലെ കായികതാരങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കാന്‍ കേരളോത്‌സവം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

കേരളോത്‌സവങ്ങളുടെ മികവ് കൂട്ടാന്‍ സൗകര്യങ്ങളൊരുക്കാന്‍ അടുത്തവര്‍ഷം മുതല്‍ യുവജനകാര്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുമായി ബന്ധപ്പെട്ട്  നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണമേഖലയിലെ കായികതാരങ്ങളെ കേരളത്തിന്റെ ഭാവി കായികരംഗത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലുള്ള ഇടപെടലുണ്ടാകും.

എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഗ്രാമങ്ങളില്‍ ചിതറിക്കിടക്കുന്ന സ്‌പോര്‍ട്‌സ് ക്ലബുകളെ  ഏകോപിപ്പിക്കുന്നതിന് സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഇടപെടലുകള്‍ വരും.  കായിക അഭിരുചിയുള്ളവരെ ഭാവിയിലേക്ക് പരിശീലിപ്പിക്കാനുള്ള നടപടികള്‍ക്കും തുടക്കമിടുമെന്ന് മന്ത്രി പറഞ്ഞു.

14 ജില്ലകളിലെയും  ടീമുകളുടെ മാര്‍ച്ച് പാസ്‌റ്റോടെയാണ് കായികമേള ആരംഭിച്ചത്. കായികമന്ത്രി അഭിവാദ്യം സ്വീകരിച്ചു. മാര്‍ച്ച് പാസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ ടീമുകള്‍ക്ക് മന്ത്രി സമ്മാനം നല്‍കി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അധ്യക്ഷത വഹിച്ചു. യുവജനകാര്യവകുപ്പ് സെക്രട്ടറി പതാകയുയര്‍ത്തി. ബോര്‍ഡ് അംഗങ്ങളായ ഷെരീഫ് പാലോളി, അഫ്‌സല്‍ കുഞ്ഞുമോന്‍, സന്തോഷ് കാല തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഡി. മോഹന്‍ സ്വാഗതവും യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആര്‍.എസ്. കണ്ണന്‍ നന്ദിയും പറഞ്ഞു.

മൂന്നുദിവസങ്ങളിലായി 12 ഇനങ്ങളില്‍ നഗരത്തിലെ വിവിധ സ്‌റ്റേഡിയങ്ങളിലാണ് മത്‌സരങ്ങള്‍ നടക്കുന്നത്. അത്‌ലറ്റിക്‌സ് മത്‌സരങ്ങള്‍, ആര്‍ച്ചറി, കബഡി, വടംവലി എന്നിവ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലും, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ എന്നിവ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും ചെസ് വൈ.എം.സി.എ ഹാളിലും ആം റസ്‌ലിംഗും കളരിപ്പയറ്റും സെന്‍ട്രല്‍ സ്‌റ്റേഡിയം ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിലും നടക്കും. 15ന് മത്‌സരങ്ങള്‍ സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button