തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കാലാവധി ഈ വെള്ളിയാഴ്ച അവസാനിക്കും. അതോടെ സംസ്ഥാനത്തെ ആയിരത്തോളം അനാഥാലയങ്ങള്‍ക്ക് പൂട്ട് വീഴും. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത അനാഥാലയങ്ങളുടെ കാര്യമാണ് അനശ്ചിതത്വത്തിലാകുന്നത്. ആയിരത്തോളം അനാധാലയങ്ങള്‍ക്ക് പൂട്ടുവീണാല്‍ അന്‍പതിനായിരത്തോളം കുട്ടികളുടെ ഭാവി വെറും ചോദ്യചിഹ്നമായി മാറും.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ഡിസംബര്‍ 31നകം രാജ്യത്തെ എല്ലാ അനാഥാലയങ്ങളും ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, രഹസ്യമായും പരസ്യമായും ഓര്‍ഡിനന്‍സ് ഇറക്കി പല സ്ഥാപനങ്ങളും പിടിച്ചെടുക്കുന്ന ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ അനാഥക്കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതാണ് സത്യം.
സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ എല്ലാ ശിശുസംരക്ഷണ കേന്ദ്രങ്ങളും 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ആക്ടിനു കീഴില്‍ നവംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യണമെന്ന് സാമൂഹികക്ഷേമ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഉത്തരവിറക്കിയെങ്കിലും നിലനില്‍പ്പ് ഭീഷണിയെ തുടര്‍ന്ന് ആയിരത്തോളം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതേതുടര്‍ന്നാണ് ഈ മാസം 15 വരെ സമയം നീട്ടി നല്‍കിയത്.
അനാഥാലയങ്ങള്‍ക്ക് പൂട്ട് വീണാല്‍ ഏതാണ്ട് അന്‍പതിനായിരത്തോളം കുട്ടികള്‍ ഇനി വിദ്യാഭ്യാസം തുടരാനോ ഒരു നേരത്തെ ഭക്ഷണത്തിനോ ഗതിയില്ലാതെ വഴിയാധാരമാകും. ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രിംകോടതി വിധി വന്നപ്പോള്‍ സംസ്ഥാനത്തെ വിവിധ മത സംഘടനകളും എന്‍.ജി.ഒകളും സുപ്രിംകോടതിയില്‍ അപ്പീല്‍ പോകണമെന്നും സംസ്ഥാനത്ത് പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപെടണമെന്നും സാമൂഹ്യ ക്ഷേമ മന്ത്രി കെ.കെ ശൈലജയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
അതേസമയം, വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ മന്ത്രി കെ.കെ ശൈലജ സെക്രട്ടേറിയറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ജെ.ജെ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അനാഥാലയങ്ങള്‍ക്ക് മാത്രമേ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകൂ. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ അത് പൂട്ടിക്കുകയും ഒരു ലക്ഷം രൂപ പിഴയും ഒരുവര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരികയും വരും.
Post Your Comments