തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കു പിന്തുണയുമായി മുൻ കെപിസിസി അധ്യക്ഷനായ വി.എം സുധീരൻ രംഗത്ത്. ഓഖി ദുരന്തത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളൾ പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചിനാണ് സുധീരൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
കാണാതായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും എത്രയും വേഗത്തിൽ കണ്ടെത്തുന്നതിന് തിരച്ചിൽ കൂടുതൽ ഊർജ്ജിതമായി നടത്തണം. അവസാന ആളെ കണ്ടെത്തുന്നത് വരെ ഈ തിരച്ചിൽ നടപടി മുന്നോട്ടു നീക്കണം.തിരച്ചിൽ സംവിധാനം അപര്യാപ്തമാണെന്ന് ഇപ്പോഴും ആക്ഷേപം നിലനിൽക്കുന്നുണ്ട്.ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും നടപടിയുണ്ടാകണമെന്നും സുധീരൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സുധീരൻ ഇക്കാര്യം വ്യക്തമാക്കിയത്
വി.എം സുധീരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഓഖി ദുരന്തത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും തീരദേശമേഖലയ്ക്കുമുണ്ടായിട്ടുള്ള മഹാദുരിതങ്ങൾക്ക് അടിയന്തിരമായും ശാശ്വതമായും വേണ്ട രീതിയിൽ പരിഹാരമുണ്ടാക്കുന്നതിനായി ലത്തീൻ അതിരൂപതകളുടെ ആഭിമുഖ്യത്തിൽ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. കേരളീയ സമൂഹത്തിന്റെ മുഴുവൻ പിന്തുണയും മത്സ്യത്തൊഴിലാളികൾക്കൊപ്പമുണ്ട്
കാണാതായ മുഴുവൻ മത്സ്യത്തൊഴിലാളികളെയും എത്രയും വേഗത്തിൽ കണ്ടെത്തുന്നതിന് പഴുതടച്ചുകൊണ്ടുള്ള സുസജ്ജവുമായ തിരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി നടത്തേണ്ടിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സർവ്വ രക്ഷാസംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവസാന ആളെ കണ്ടെത്തുന്നത് വരെ ഈ തിരച്ചിൽ നടപടി മുന്നോട്ടു നീക്കണം.തിരച്ചിൽ സംവിധാനം അപര്യാപ്തമാണെന്ന് ഇപ്പോഴും ആക്ഷേപം നിലനിൽക്കുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽ എത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ബന്ധപ്പെട്ട സംസ്ഥാനസർക്കാരുകളുമായി സമ്പർക്കത്തിലേർപ്പെട്ടുകൊണ്ട് പ്രവർത്തനങ്ങൾ കുറേക്കൂടി ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണെന്ന് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന പാക്കേജിലെ അപര്യാപ്തതകൾ പരിഹരിക്കാനും കേന്ദ്ര പാക്കേജിനു വഴിയൊരുക്കാനും അതുവഴി സംയുക്ത പാക്കേജിനു രൂപം നൽകി ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും സംരക്ഷിത ജീവിതവും ഫലപ്രദമായ പുനരധിവാസവും ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. സമയബന്ധിതമായി തന്നെ കേന്ദ്ര-സംസ്ഥാന പാക്കേജുകൾ നടപ്പിലാക്കണം.
ഏറെ കാലമായി കേരളം ഉൾപ്പടെയുള്ള തീരദേശസംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ഫിഷറീസ് മന്ത്രാലയം കേന്ദ്രത്തിൽ നിലവിൽ വരുന്നതിന് ശക്തമായ സമ്മർദ്ദങ്ങളുമായി മുന്നേട്ടുപോകേണ്ടതുണ്ട്.
കേരളമുൾപ്പടെ നിരവധി സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടം വരുത്തിയ ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ഇനിയും വൈകരുത്. പ്രസ്തുത പ്രഖ്യാപനവും അതനുസരിച്ച് ദുരിതാശ്വാസ ദുരന്തനിവാരണ പുനരധിവാസ പ്രവർത്തനങ്ങൾക്ക് രൂപം നൽകി നടപ്പിലാക്കാൻ ഒട്ടും കാലതാമസമരുത്.
കേന്ദ്ര-സംസ്ഥാന തലത്തിലുള്ള ദുരന്തനിവാരണ സംവിധാനം അനുയോജ്യരായ വിദഗ്ധരരെ ഉൾപ്പെടുത്തി അടിമുടി പുനസംവിധാനം ചെയ്യണം
Post Your Comments