മഡ്ഗാവ്: ആദ്യ മൂന്നു മല്‍സരങ്ങളിലും സമനില വഴങ്ങേണ്ടിവന്ന മഞ്ഞപ്പടയ്ക്ക് ഇന്നലെ നടന്ന മത്സരത്തില്‍ വന്‍ തോല്‍വിയാണ് നേരിടേണ്ടിവന്നത്. സീസണിലെ ആദ്യ എവേ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ എഫ്‌സി ഗോവ തകര്‍ത്തെറിയുകയായിരുന്നു. മഡ്ഗാവില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് നിലവിലെ റണ്ണറപ്പുകളെ മുന്‍ റണ്ണറപ്പായ ഗോവ കശക്കിയെറിഞ്ഞത്.
അതേസമയം ഗോവയ്‌ക്കെതിരായ വന്‍ തോല്‍വിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്‌നും ഡിഫന്‍ഡറുമായ ജിങ്കന്‍ ആരാധകരോട് മാപ്പു ചോദിച്ചു. തന്റെയും ടീമിന്റെയും ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു ഗോവയ്‌ക്കെതിരേയുള്ളത്. ഇത്രയും മോശമായി കളിക്കേണ്ടിവന്നതില്‍ ബ്ലാസ്റ്റ്‌റ്റേഴ്‌സിന്റെ ആരാധകര്‍ പൊറുക്കണം. ഇതാണ് ഫുട്‌ബോളും ജീവിതവും. എന്നാല്‍ കറുത്ത ദിനങ്ങള്‍ എക്കാലവും നിലനില്‍ക്കില്ല. നിങ്ങള്‍ വിശ്വസിച്ചു കൊണ്ടേയിരിക്കണം, കാരണം ഇരുട്ടിന്റെ മറുവശത്ത് പ്രകാശമാണുള്ളത്. ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞാണ് ജിങ്കന്റെ ട്വിറ്റര്‍ കുറിപ്പ് അവസാനിക്കുന്നത്.
ഇയാന്‍ ഹ്യൂം പരിക്കിനെ തുടര്‍ന്ന് പുറത്തായതിനാലും ബെര്‍ബറ്റോവ് പരിക്കു മൂലം പിന്‍മാറിയതിനാലും മറ്റൊരു വിദേശ താരത്തെ കൂടി കളത്തിലിറക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി നേരത്തേ പ്രതിരോധക്കോട്ട കാത്ത വെസ് ബ്രൗണ്‍ ടീമിലുണ്ടായിട്ടും കോച്ച് എന്തു കൊണ്ട് കളിപ്പിച്ചില്ലെന്നതും സംശയമുണ്ടാക്കുന്നു. പരിക്കില്‍ നിന്നു മുക്തനായ ബ്രൗണ്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ആവാം കോച്ച് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതെന്നാണ് സൂചന. ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള നാലു മല്‍സരങ്ങളിലും ബ്രൗണ്‍ മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങിയിട്ടില്ല.
മധ്യനിരയിലും പ്രതിരോധത്തിലുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിനുള്ള പോരായ്മകളെല്ലാം തുറന്നു കാട്ടുന്നതായിരുന്നു ഗോവയ്‌ക്കെതിരായ മല്‍സരം. ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, സി കെ വിനീത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലുള്ളതിനാല്‍ സീസണിന്റെ തുടക്കം മുതല്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു മഞ്ഞപ്പടയും ആരാധകരും. എന്നാല്‍ ഇവര്‍ വിചാരിച്ചാല്‍ മാത്രം മുന്നേറാന്‍ സാധിക്കില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഗോവയുടെ പ്രകടനം. ഗോവയ്‌ക്കെതിരായ കളിക്കു മുമ്പ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയ്ക്കും ഗോള്‍കീപ്പര്‍ പോള്‍ റെക്കൂബയ്ക്കും അല്‍പ്പം ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ ഗോവയുടെ സംഹാര താണ്ഡവം കഴിഞ്ഞതോടെ അതും പോയി. ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ ടീമിനെയാകെ ഉടച്ചു വാര്‍ക്കേണ്ടിവരുമെന്ന അവസ്ഥയിലാണ് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍.
മധ്യനിരയിലെ മോശം പ്രകടനവും ഗോവയ്‌ക്കെതിരേ ബ്ലാസ്‌റ്റേഴ്‌ലിന്റെ തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസ്, മന്ദര്‍ റാവു ദേസായി, മാന്വല്‍ ലാന്‍സറോറ്റെ, ഫെറന്‍ കൊറോമിനാസ് എന്നിവരെ പിടിച്ചുനിര്‍ത്തുകയെന്ന വലിയ ദൗത്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ അരാത്ത ഇസൂമിക്കുണ്ടായിരുന്നത്. എന്നാല്‍ ഇവരുടെ മിന്നല്‍ നീക്കത്തിനു മുന്നില്‍ ഓടിയെത്താന്‍ 35 കാരനായ ഇസൂമി ശരിക്കും വിയര്‍ത്തു. കേവലം ഒന്നോ രണ്ടോ ടാക്ലിങുകള്‍ മാത്രമേ ഇസൂമിക്കു നടത്താന്‍ സാധിച്ചുള്ളൂ.
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമുകളിലൊന്നായാണ് ബ്ലാസ്റ്റേഴ്‌സ് അറിയപ്പെട്ടിരുന്നത്. ആദ്യ മൂന്നു കളികളില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി മഞ്ഞപ്പട ഇത് അടിവരയിടുകയും ചെയ്തു. എന്നാല്‍ ആദ്യ മൂന്നു കളികളിലും ‘പിശുക്ക്’ കാണിച്ചത് ഗോവയ്‌ക്കെതിരേ അഞ്ചു ഗോളുകള്‍ വഴങ്ങാനായിരുന്നോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അത്രയ്ക്കും മോശമായിരുന്നു ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ നയിച്ച ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയുടെ പ്രകടനം. ജിങ്കനും നെമഞ്ജ ലാകിച്ച് പെസിച്ചിനും സംഭവിച്ച പിഴവില്‍ നിന്നായിരുന്നു ഗോവയുടെ ഹാട്രിക് ഹീറോയായ കോറോയുടെ മൂന്നു ഗോളുകളില്‍ രണ്ടും. മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോയുടെ പ്രകടനവും മോശമായിരുന്നു. ഗോവയുടെ ആദ്യ ഗോളിനു വഴിവച്ചത് റിനോയ്ക്കു വന്ന പിഴവായിരുന്നു.
Post Your Comments