കൊളംബോ: ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിച്ച് ശ്രീലങ്കയിലെ തന്ത്രപ്രധാന തുറമുഖമായ ഹമ്പന്‍തോട്ട ചൈനയ്ക്ക് 99 വര്‍ഷത്തെ പാട്ടത്തിന് ഔദ്യോഗികമായി കൈമാറി. പൊതുസ്വത്തുക്കള്‍ വിദേശികള്‍ക്ക് വിറ്റുമുടിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ചൈനീസ് കമ്പനിയായ ചൈന മര്‍ച്ചെന്റ്‌സ് പോര്‍ട്ട് ഹോള്‍ഡിങ്ങിന് തുറമുഖം കൈമാറിയത്. തുറമുഖത്തിന്റെ ദൈനംദിന വാണിജ്യപ്രവര്‍ത്തനം 110 കോടി ഡോളറിനു (7150 കോടി രൂപ) ചൈനയിലെ കമ്പനിക്ക് 99 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കാനുള്ള കരാറില്‍ ശ്രീലങ്കയും ചൈനയും അടുത്തിടെ ഒപ്പുവച്ചിരുന്നു.
കൊളംബോയില്‍നിന്ന് 240 കിലോമീറ്റര്‍ അകലെയാണ് ഹമ്പന്‍തോട്ട തുറമുഖം. 140 കോടി ഡോളര്‍ (10,000 കോടിയോളം ഇന്ത്യന്‍ രൂപ) നഷ്ടത്തിലാണ് നിലവില്‍ തുറമുഖം പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് തുറമുഖത്തിന്റെ 80 ശതമാനം ഓഹരിയും വില്‍ക്കുന്നതെന്നാണ് ശ്രീലങ്കയുടെ വിശദീകരണം.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുറമുഖങ്ങളും റെയില്‍വേയും നിര്‍മിക്കാന്‍ ചൈനയെ വളരെയധികം ആശ്രയിച്ചിരുന്നു. ഹമ്പന്‍തോട്ട തുറമുഖവും ഇതില്‍പ്പെടും. ഇതിന്റെ നിര്‍മാണച്ചെലവടക്കം എണ്ണൂറുകോടി ഡോളര്‍ കടം ചൈനയ്ക്ക് നല്‍കാനുണ്ട്. എന്നാല്‍ തങ്ങളുടെ തുറമുഖങ്ങള്‍ അന്യരാജ്യങ്ങളുടെ പ്രതിരോധ താവളമാക്കാന്‍ അനുവദിക്കില്ലെന്നും ചൈന വിശദീകരിക്കുന്നു.
അതേസമയം, തിരക്കേറിയ സമുദ്രപാതയിലുള്ള തുറമുഖം ചൈന ഏറ്റെടുക്കുന്നത് ഇന്ത്യയിലെ തുറമുഖങ്ങള്‍ക്ക് കടുത്ത ഭീഷണിയാണ്. കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തെ അഭിമുഖീകരിക്കുന്ന തുറമുഖത്തെ ചൈനയുടെ സ്വാധീനം ഇന്ത്യയുടെ പ്രതിരോധവകുപ്പിനും ഭീഷണിയാണ്. ശ്രീലങ്കന്‍ തെക്കന്‍ തീരത്തെ ചൈനയുടെ നാവികസേനാ താവളമായി ഉപയോഗിക്കാനുള്ള കരാര്‍ വിവാദങ്ങളെ തുടര്‍ന്ന് വൈകിയിരുന്നു.
Post Your Comments